ലണ്ടൻ - കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ യു.കെയിലെ കോടതി കയറ്റുമെന്ന് വ്യവസായിയും ഐ.പി.എൽ മുൻ ചെയർമാനുമായ ലളിത് കുമാർ മോദി. അന്താരാഷ്ട്ര കോടതിയും ഇന്റർ പോളും ആവശ്യപ്പെട്ടിട്ടും തനിക്കെതിരെ തെളിവ് ഹാജരാക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ലെന്നും ലളിത് മോദി ട്വീറ്റ് ചെയ്തു.
തനിക്കെതിരായ പരാമർശങ്ങൾക്കെതിരെ രാഹുൽ ഗാന്ധിക്ക് തെളിവുകളുമായി യു.കെയിലേക്ക് വരേണ്ടിവരും. അദ്ദേഹം സ്വയം വിഡ്ഢിയാകുന്നത് കാണാൻ കാത്തിരിക്കുകയാണ്. തനിക്കെതിരെ കോൺഗ്രസും രാഹുൽ ഗാന്ധിയും വ്യാജ പ്രചാരണങ്ങളാണ് നടത്തുന്നത്. യഥാർത്ഥ കള്ളന്മാർ കോൺഗ്രസുകാരാണെന്നും ലളിത് മോദി കുറ്റപ്പെടുത്തി.
നിയമവ്യവസ്ഥയിൽ നിന്ന് ഒളിച്ചോടിയ വ്യക്തിയാണ് താനെന്ന് ആവർത്തിക്കുകയാണ് രാഹുൽഗാന്ധിയും സംഘവും. എപ്പോഴാണ് ഞാൻ ശിക്ഷിക്കപ്പെട്ടത്. രാഹുൽ ഗാന്ധിയെന്ന പപ്പുവിനെ പോലെയല്ല, സാധാരണക്കാരനായാണ് പറയുന്നത്. പ്രതിപക്ഷ നേതാക്കൾക്ക് മറ്റൊന്നും ചെയ്യാനില്ലാത്തതിനാൽ പകപോക്കൽ നടത്തുകയാണെന്നും കോൺഗ്രസ് നേതാക്കളെ ടാഗ് ചെയ്ത് ലളിത് മോദി ട്വീറ്റ് ചെയ്തു.
സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ 2010 മുതൽ ലണ്ടനിലാണ് ലളിത് മോദി. ബി.സി.സി.ഐയിൽ നിന്ന് ആജീവനാന്ത വിലക്ക് നേരിട്ട ലളിത് മോദിയുടെ തുടർ നടപടികൾ എങ്ങനെയാവുമെന്ന് കാത്തിരിക്കുകയാണ് നിയമവൃത്തങ്ങൾ. പ്രത്യേകിച്ച് രാഹുലിനെ പൂട്ടാൻ പഠിച്ച പണികളെല്ലാം പയറ്റുന്ന കേന്ദ്ര സർക്കാർ നീക്കങ്ങളെ വളരെ കരുതലോടെയും ജാഗ്രതയോടെയും നോക്കിക്കാണുകയാണ് രാഷ്ട്രീയ ഇന്ത്യ.