ന്യൂഡൽഹി - കോൺഗ്രസിന്റെ രാഹുവായി രാഹുൽഗാന്ധി മാറിയെന്ന് ബി.ജെ.പി നേതാവും മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയുമായ ശിവരാജ് സിംഗ് ചൗഹാൻ. രാജ്യത്തെക്കുറിച്ചോ അവിടത്തെ നിയമങ്ങളെക്കുറിച്ചോ രാഹുൽഗാന്ധിക്ക് അറിവില്ലെന്നും അദ്ദേഹം വിമർശിച്ചു.
കോൺഗ്രസിലെ അടിമകളായ നേതാക്കളാണ് രാഹുലിനെ ദേശീയ നേതാവായി ഉയർത്താൻ ശ്രമിക്കുന്നത്. സത്യത്തിൽ ഗാന്ധി-നെഹ്‌റു കുടുംബത്തിലെ എറ്റവും പരാജിതനായ, മടിയനായ, നിരുത്തരവാദിയായ, അശ്രദ്ധാലുവായ ഒരേയൊരാൾ രാഹുൽ ഗാന്ധി മാത്രമാണെന്നും ശിവരാജ് സിംഗ് ചൗഹാൻ ആരോപിച്ചു.
രാജ്യം ഭരിക്കുന്നത് ഭരണഘടനക്ക് അനുസൃതമായാണ്. അതല്ലാതെ വാചകങ്ങൾ കൊണ്ടല്ല. രാജ്യത്തിന്റെ പ്രശ്‌നം കോൺഗ്രസ് ആണെന്നും കോൺഗ്രസിന്റെ പ്രശ്‌നം രാഹുൽ ഗാന്ധിയാണെന്നും അദ്ദേഹം എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ കുറ്റപ്പെടുത്തി.