പാറ്റ്‌ന - മോഡി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നതിന്റെ പേരില്‍ നേരിട്ട് ഹാജരാകാന്‍ രാഹുല്‍ ഗാന്ധിക്ക് പാറ്റ്‌ന കോടതിയുടെ നോട്ടീസ്. ഏപ്രില്‍ 12 ന് നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. കഴിഞ്ഞ ദിവസം രാഹുല്‍ ഗാന്ധിയ സൂറത്ത് കോടതി രണ്ടു വര്‍ഷം തടവിന് വിധിച്ച അതേ സംഭവത്തിലെ പരാതി തന്നെയാണ് പാറ്റ്‌ന കോടതിയിലും എത്തിയിട്ടുള്ളത്. സുശീല്‍ മോഡി എന്നയാളാണ് തന്റെ സമുദായത്തെ അവഹേളിച്ചുവെന്ന് ആരോപിച്ച് പരാതി നല്‍കിയത്. നേരത്തെ സൂറത്ത് കോടതിയില്‍ ബി.ജെ.പി നേതാവ് പ്രണേഷ് മോഡി നല്‍കിയ സമാന കേസില്‍ മാര്‍ച്ച് 24ന് രാഹുല്‍ ഗാന്ധിയെ സൂറത്ത് ജില്ലാ കോടതി രണ്ട് വര്‍ഷം തടവിന് ശിക്ഷിച്ചിരുന്നു തുടര്‍ന്ന് എം. പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കുകയുമുണ്ടായി. സുശീല്‍ മോഡി പാറ്റ്‌ന കോടതിയില്‍ നല്‍കിയ പരാതിയില്‍ വാദി ഭാഗത്തുള്ള സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുകയും മുഴുവന്‍ തെളിവുകളും സമര്‍പ്പിക്കുകയും ചെയ്‌തെന്നും ഇനി രാഹുല്‍ ഗാന്ധിയുടെ മൊഴി രേഖപ്പെടുത്താനുള്ള നടപടികള്‍ക്കായാണ് അദ്ദേഹത്തോട് ഏപ്രില്‍ 12 ന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ചതെന്നും സുശീല്‍ മോഡിയുടെ അഭിഭാഷകന്‍ എസ്.ഡി സഞ്ജയ് പറഞ്ഞു.