നിലമ്പൂർ- നിലമ്പൂർ വനത്തിനുള്ളിൽ കനത്ത മഴ പെയ്തതിനെ തുടർന്ന് കുറുവൻപുഴ നിറഞ്ഞൊഴുകി. കോഴിപ്പാറയിൽ അപ്രതീക്ഷിത മലവെള്ളപ്പാച്ചിൽ. വിനോദ സഞ്ചാരികളില്ലാതിരുന്നതിനാൽ വൻ ദുരന്തമൊഴിവായി.
മലപ്പുറം ജില്ലയിലെ പ്രധാന ജല വിനോദ കേന്ദ്രമായ കോഴിപ്പാറയിലാണ് ഇന്നലെ ഉച്ചയ്ക്കു 12.45 ഓടെ മലവെള്ളപ്പാച്ചിൽ ഉണ്ടായത്. പന്തീരായിരം ഉൾവനത്തിലെ വെള്ളരി മലയിൽ നിന്നുത്ഭവിക്കുന്ന കുറുവൻ പുഴയിൽ പന്തീരായിരം വനത്തിലുണ്ടായ കനത്ത മഴയെ തുടർന്നാണ് മലവെള്ളപ്പാച്ചിൽ ഉണ്ടായത്. നട്ടുച്ച നേരത്തുണ്ടായ മലവെള്ളപ്പാച്ചിലിലാണ് കുറുവൻ പുഴയുടെ കോഴിപ്പാറ ഭാഗത്തും മലവെള്ളം കുത്തിയൊഴുകിയെത്തിയത്.
വറ്റിവരണ്ട കുറുവൻ പുഴയിൽ പെട്ടെന്നാണ് മലവെള്ളം ഒഴുകിയെത്തിയത്. ഒരു മണിക്കൂറിന് ശേഷമാണ് നേരിയ കുറവുണ്ടായത്. ഒരു മണിക്കൂറിലേറെ കോഴിപ്പാറയിലും മഴ പെയ്തു. തോട്ടപ്പള്ളി മുതൽ കനോലി വരെ നീണ്ടു കിടക്കുന്ന കുറുവൻ പുഴയിൽ മലവെള്ളപ്പാച്ചിലിന് കാരണമായത് പന്തീരായിരം ഉൾവനത്തിൽ പെയ്ത കനത്ത മഴയാണ്. വേനൽമഴ സാധ്യത നിലനിൽക്കുന്നതിനാൽ കുറുവൻ പുഴയിൽ ഇറങ്ങുന്നത് അപകടകരമാണ്. വനത്തിനുള്ളിൽ മഴ പൂർണമായി ശമിച്ചിട്ടില്ല.