Sorry, you need to enable JavaScript to visit this website.

സ്‌ഫോടക വസ്തുക്കളുമായി മലപ്പുറത്ത് തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍

പെരിന്തല്‍മണ്ണ-അനധികൃതമായി സ്‌ഫോടക വസ്തുക്കള്‍ കൈവശം വെച്ചതിന് തമിഴ്‌നാട് സ്വദേശി പെരിന്തല്‍മണ്ണയില്‍ പിടിയില്‍. സേലം കൊങ്കരപ്പട്ടി സ്വദേശി കാശിവെങ്കിടാചലത്തി (36) നെയാണ് പെരിന്തല്‍മണ്ണ സി.ഐ സി.അലവി,
എസ്.ഐ എ.എം.യാസിര്‍ എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലയില്‍ തമിഴ്‌നാട്ടില്‍ നിന്നും മറ്റും ഇത്തരം സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുവന്ന്  അപകടകരമായ രീതിയില്‍ ആള്‍താമസമുള്ള സ്ഥലങ്ങളിലും ക്വാര്‍ട്ടേഴ്‌സുകളിലും  മറ്റും അനധികൃതമായി സൂക്ഷിച്ച് ക്വാറികളിലും കിണറുകളിലും പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്നതായി മലപ്പുറം പോലീസ് മേധാവി എസ്.സുജിത്ദാസിനു രഹസ്യവിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി എം.സന്തോഷ്‌കുമാര്‍, സി.ഐ സി.അലവി എന്നിവരുടെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസും ജില്ലാ ആന്റിനര്‍ക്കോട്ടിക് സ്‌ക്വാഡും നടത്തിയ അന്വേഷണത്തിലാണ്  പ്രതിയെ പിടികൂടിയത്.
പട്ടാമ്പി റോഡില്‍ ചോലോംകുന്ന് വച്ചാണ് കാശി വെങ്കിടാചലത്തിന്റെ പക്കല്‍ നിന്നു സ്‌ഫോടനത്തിനു തയാറാക്കിയ ജലാറ്റിന്‍ സ്റ്റിക്കുകള്‍, ഡിറ്റണേറ്റര്‍, ഫ്യൂസ് വയറുകള്‍ എന്നിവ പിടികൂടിയത്. ഒരാഴ്ച മുമ്പു അങ്ങാടിപ്പുറത്ത്  വാടക ക്വാര്‍ട്ടേഴ്‌സില്‍ നിന്നു ഇത്തരത്തില്‍ സ്‌ഫോടക വസ്തുക്കളുമായി സേലം സ്വദേശിയെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹജരാക്കുമെന്നും  പരിശോധനകള്‍ ശക്തമാക്കുമെന്നും സി.ഐ സി.അലവി അറിയിച്ചു. സിവില്‍ പോലീസ് ഓഫീസര്‍ ജയേഷ്, പെരിന്തല്‍മണ്ണ ഡാന്‍സാഫ് സ്‌ക്വാഡ് എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News