Sorry, you need to enable JavaScript to visit this website.

പതിനാല് വർഷം മുമ്പ് സി.പി.എം പ്രവർത്തകൻ കൊല്ലപ്പെട്ട കേസ്: ആർ.എസ്. എസ് പ്രവർത്തകൻ അറസ്റ്റിൽ 

കണ്ണൂർ - പതിനാല് വർഷം മുമ്പ് സി.പി.എം പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ആർ.എസ്. എസ് പ്രവർത്തകനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കണ്ണവം തൊടീക്കളം ഗണപതിയാടൻ പവിത്രനെ കൊലപ്പെടുത്തിയ കേസിൽ തലശ്ശേരി ഇടത്തിലമ്പലത്തിനടുത്ത മണ്ണയാട്ടെ ജസിയ നിവാസിൽ എൻ. പി. റജുലിനെയാണ് (43) കേസ് അന്വേഷിക്കുന്ന മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി 
വിക്രമൻ അറസ്റ്റ് ചെയ്തത്.
2009 മാർച്ച് 27 നായിരുന്നു സി.പി.എം പ്രവർത്തകനായിരുന്ന ഗണപതിയാടൻ പവിത്രനെ ഒരു സംഘം ബി.ജെ.പി ആർ. എസ്. എസ് പ്രവർത്തകർ കൊലപ്പെടുത്തിയത്. വാഹനമുപയോഗിച്ചു ഇടിച്ചു വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ആറു പേർക്കെതിരേ കേസെടുത്ത് വർഷങ്ങൾക്ക് മുമ്പേ പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാൽ പിന്നീട് മറ്റൊരു കൊലക്കേസിൽ അറസ്റ്റിലായ ആർ.എസ്.എസ് പ്രവർത്തകൻ കുപ്പി സുബീഷിന്റെ കുറ്റസമ്മതമൊഴിയിലാണ് ഈ കേസിൽ നിർണായക വഴിത്തിരിവുണ്ടായത്. കൊലക്കേസിൽ അറസ്റ്റിലായവരല്ല യഥാർത്ഥ കൊലയാളികളെന്നും കൊല നടത്തിയത് സുബീഷും കൂട്ടാളികളുമാണെന്നുമായിരുന്നു വെളിപ്പെടുത്തൽ. മൂന്ന് കൊലപാതകങ്ങളിൽ സുബീഷിന്റെയും കൂട്ടാളികളുടെയും പങ്ക് തെളിയിക്കും വിധം സുബീഷ് തന്നെ ആർ.എസ്.എസ് പ്രവർത്തകനായ ഒരു സുഹൃത്തിനോട് സംസാരിക്കുന്നതിന്റെ ശബ്ദരേഖ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്താൻ മലപ്പുറം ക്രൈം ബ്രാഞ്ച് എസ്.പി വിക്രമന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. ഈ സംഘം വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ റജുലിനെ അറസ്റ്റ് ചെയ്തത്. പവിത്രൻ വധക്കേസിൽ ഇനി മൂന്ന് പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. ഇവർ മറ്റൊരു കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. കോടതിയുടെ പ്രൊഡക്ഷൻ വാറണ്ട് പ്രകാരമാവും ഇവരുടെ അറസ്റ്റ് ഈ കേസിൽ രേഖപ്പെടുത്തുക.

 

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News