ദമാം- ലോക വനിതാ ദിനത്തോടനുബന്ധിച്ച് പ്രവാസി വനിതാ വേദി ദമാം 'സമകാലിക മാനസിക പ്രശ്നങ്ങളും പ്രതിവിധികളും' എന്ന വിഷയത്തിൽ ഓൺലൈൻ വെബിനാർ സംഘടിപ്പിച്ചു. കൗൺസിലറും എൻ.എൽ.പി ടി.എ പ്രാക്ടീഷണറും ഹിപ്നോസിസ് ട്രെയിനറുമായ മുഖ്യ പ്രഭാഷകൻ യൂസുഫ് അലി ഇന്നത്തെ സാഹചര്യത്തിൽ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട പ്രതിവിധികളെ കുറിച്ച് വിശദീകരിച്ചു.
സ്വന്തമായി സന്തോഷിക്കാൻ ശ്രമിക്കുകയും നെഗറ്റീവ് ചിന്തകൾ വെടിഞ്ഞ്, സാമൂഹ്യമായ ബന്ധങ്ങൾ നിലനിർത്തുകയും ഉറക്കം, വ്യായാമം, ഭക്ഷണം എന്നിവയിൽ കൃത്യത വരുത്തുകയും ചെയ്താൽ മാനസിക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കഴിയും. കഴിഞ്ഞതിനെ കുറിച്ചുള്ള സങ്കടവും ഭാവിയെ കുറിച്ചുള്ള പേടിയുമാണ് മാനസിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം എന്നും അദ്ദേഹം പറഞ്ഞു.
കുട്ടികൾ ലഹരികൾക്ക് അടിമയാകാൻ ഉണ്ടാകുന്ന വിവിധ സാഹചര്യങ്ങളെക്കുറിച്ചും അതിന് നമ്മൾ എടുക്കേണ്ട മുൻകരുതലുകളെ കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിമൻ ജസ്റ്റിസ് മൂവ്മെന്റ് നടത്തുന്ന ജാതി വിവേചനവും സ്ത്രീപക്ഷ കേരളവും എന്ന കാമ്പയിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് അമീന അമീൻ സംസാരിച്ചു. അറുപതോളം പേർ പങ്കെടുത്ത പരിപാടിയിൽ ശോബി ഷാജു സ്വാഗതവും ഫിദ റഹീം നന്ദിയും പറഞ്ഞു. ജസീറ ഫൈസൽ അവതാരകയായിരുന്നു.