Sorry, you need to enable JavaScript to visit this website.

കയ്യൊടിച്ചു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപത്തിന് ശ്രമിക്കുകയാണല്ലേ?; കെ.കെ രമയ്ക്ക് വധഭീഷണിക്കത്ത്

തിരുവനന്തപുരം  -  ആർ.എം.പി.ഐ നേതാവും വടകര എം.എൽ.എയുമായ കെ.കെ രമയ്ക്ക് വധ ഭീഷണിക്കത്ത്. നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട പരാതി പിൻവലിച്ചില്ലെങ്കിൽ കൊല്ലുമെന്നാണ് ഭീഷണി. പയ്യന്നൂർ സഖാക്കൾ എന്ന പേരിലാണ് കത്ത് വന്നിരിക്കുന്നത്. ഏപ്രിൽ 20-നുള്ളിൽ പരാതി പിൻവലിക്കണമെന്നാണ് ഭീഷണി.
 സെക്രട്ടേറിയറ്റിലെ വിലാസത്തിലാണ് ഭീഷണിക്കത്ത് വന്നത്. 'രമേ, നീ വീണ്ടും കളി തുടങ്ങി അല്ലേ' എന്ന വാചകത്തോടെയാണ് കത്ത് ആരംഭിക്കുന്നത്. കയ്യൊടിച്ചു, കാലൊടിഞ്ഞു എന്നെല്ലാം പറഞ്ഞ് സഹതാപം പിടിച്ചുപറ്റാൻ ശ്രമിക്കുകയാണല്ലേ എന്നും കത്തിൽ ചോദിക്കുന്നു. രമയ്ക്കുള്ള അവസാനത്തെ താക്കീതാണ് ഇതെന്നും കത്തിലുണ്ട്. പറഞ്ഞാൽ പറഞ്ഞതുപോലെ ചെയ്യുന്ന പാർട്ടിയാണ് ഞങ്ങളുടേതെന്ന് അറിയാമല്ലോ എന്ന ഓർമപ്പെടുത്തലും കത്തിലുണ്ട്. 
 സൈബറിടങ്ങളിലെ വ്യക്തിയധിക്ഷേപത്തിനും അപവാദ പ്രചാരണങ്ങൾക്കും പിന്നാലെയുള്ള ഭീഷണിക്കത്തിന്റെ പശ്ചാത്തലത്തിൽ കെ.കെ രമ ഡി.ജി.പിക്ക് പരാതി നൽകിയിട്ടുണ്ട്. പ്രതിപക്ഷ എം.എൽ.എമാരുടെ നേതൃത്വത്തിൽ സ്പീക്കറുടെ ഓഫീസിന് മുന്നിൽ നടത്തിയ ഉപരോധത്തെ തുടർന്നുള്ള സംഘർഷത്തിൽ കെ.കെ രമയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. പരിക്ക് വ്യാജമാണെന്നാരോപിച്ച് രമയ്‌ക്കെതിരെ വ്യാജ എക്‌സ് റേ ദൃശ്യങ്ങൾ അടക്കം ഉപയോഗിച്ച് സൈബർ ആക്രമണവും നടന്നിരുന്നു. സി.പി.എമ്മിലെ യുവ എം.എൽ.എയായ സച്ചിൻ ദേവിനെതിരെ പരാതി നൽകിയെങ്കിലും സൈബർ പോലീസ് ഇതുവരെയും നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. 
 സൈബർ പ്രചാരണത്തിന് നേതൃത്വം നൽകിയ സച്ചിൻദേവ് അടക്കമുള്ളവർക്കെതിരെ അപകീർത്തി കേസ് കൊടുക്കാൻ നീക്കം നടക്കുന്നതിനിടെയാണ് രമക്കെതിരെയുള്ള വധഭീഷണിക്കത്ത്.

Latest News