അഗർത്തല - ത്രിപുരയിൽ രണ്ടിടത്തായി നടത്തിയ പരിശോധനയ്ക്കിടെ മൂന്ന് കോടിയിലേറെ രൂപയുടെ ലഹരി വസ്തുക്കൾ പിടികൂടി. റെയിൽവേ സ്റ്റേഷനിൽനിന്ന് ഒരു കോടിയിലേറെ രൂപയുടെ ലഹരി ഉൽപന്നങ്ങൾ പിടികൂടിയപ്പോൾ മറ്റൊരു കേന്ദ്രത്തിൽനിന്ന് രണ്ട് കോടിയിലേറെ വിലവരുന്ന കഞ്ചാവും പിടിച്ചെടുത്തു.
ത്രിപുരയിലെ ഉനകോടി അഗർത്തല ട്രെയിനിൽ നിന്ന് 221.96 ഗ്രാം മയക്കുമരുന്ന് ഉത്പന്നങ്ങൾ പിടിച്ചെടുത്തതായി അതിർത്തി സുരക്ഷ സേന അറിയിച്ചു. 1.11 കോടി രൂപ വിലമതിയ്ക്കുന്ന ബ്രൗൺ ഷുഗറാണ് കണ്ടെത്തിയതെന്ന് ബി.എസ്.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
കുമാർഘട്ട് റെയിൽവേ സ്റ്റേഷനിൽ സംശയാസ്പദമായ നിലയിൽ വെള്ള നിറത്തിലുള്ള പ്ലാസ്റ്റിക് ബാഗ് കണ്ടെത്തുകയായിരുന്നു. എന്നാൽ, പ്രതിയെ പിടികൂടാനായിട്ടില്ല. ട്രെയിനിലെ തിരക്കിനിടയിൽ പ്രതി രക്ഷപ്പെടുകയായിരുന്നു.
കഴിഞ്ഞദിവസം ത്രിപുരയിൽ പടിഞ്ഞാറൻ ജില്ലയ്ക്ക് കീഴിലുള്ള സിദായ് മോഹൻപൂരിൽനിന്ന് രണ്ട് കോടിയിലേറെ രൂപ വില വരുന്ന കഞ്ചാവ് ശേഖരവും ബി.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടി. ത്രിപുരയെ മക്കുമരുന്ന് രഹിത സംസ്ഥാനമാക്കാൻ അതിർത്തി രക്ഷാസേന പൂർണമായും പ്രതിജ്ഞാബദ്ധമാണെന്നും അധികൃതർ വ്യക്തമാക്കി.