ന്യൂദല്‍ഹി-ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ ഉത്പാദിപ്പിച്ച പതിനെട്ട് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ ലൈസന്‍സ് റദ്ദാക്കി ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ.) 26 കമ്പനികള്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള വ്യാജമരുന്നുകള്‍ വിദേശത്ത് വിറ്റഴിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ മരുന്നു കമ്പനികളില്‍ നടത്തുന്ന വ്യാപക പരിശോധനയുടെ ഭാഗമായാണിത്.
മരുന്നിന്റെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കാന്‍ 20 സംസ്ഥാനങ്ങളിലെ 76 കമ്പനികളില്‍ പരിശോധന നടത്തിയിരുന്നു. കേന്ദ്ര-സംസ്ഥാന ഉദ്യോഗസ്ഥര്‍ സംയുക്തമായി നടത്തിയ പരിശോധനയ്ക്കു പിന്നാലെയാണ് നടപടിയെടുത്തത്.
കഴിഞ്ഞ പതിനഞ്ചു ദിവസത്തോളമായി ആന്ധ്രാപ്രദേശ്, ബീഹാര്‍, ദല്‍ഹി, ഗോവ, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി, പഞ്ചാബ്, രാജസഥാന്‍, തെലങ്കാന, സിക്കിം, തമിഴ്നാട്, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, വെസ്റ്റ് ബെംഗാള്‍ തുടങ്ങിയവിടങ്ങളില്‍ ഡി.സി.ജി.ഐ പരിശോധന നടത്തിവരികയായിരുന്നു.
ഇന്ത്യന്‍ നിര്‍മിത മരുന്നുകള്‍ കഴിച്ച് വിവിധ രാജ്യങ്ങളില്‍ മരണവും ഗുരുതരരോഗങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് കടുത്ത നടപടിയിലേക്ക് കടന്നിരിക്കുന്നത്. കഴിഞ്ഞമാസമാണ് ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്സയന്‍സസ് എന്ന മരുന്നു കമ്പനി പുറത്തിറക്കിയ സന്ധിവാതത്തിന്റെ ചികിത്സയ്ക്കുള്ള 55,000ത്തോളം ബോട്ടില്‍ മരുന്നുകള്‍ അമേരിക്കന്‍ വിപണിയില്‍ നിന്നു തിരിച്ചുവിളിച്ചത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്.
തമിഴ്നാട് ആസ്ഥാനമായുള്ള ഗ്ലോബല്‍ ഫാര്‍മ ഹെല്‍ത്ത്കെയര്‍ കണ്ണിലൊഴിക്കുന്ന മരുന്നുമുഴുവന്‍ തിരിച്ചുവിളിപ്പിച്ചിരുന്നു. പ്രസ്തുത മരുന്നില്‍ അടങ്ങിയ ബാക്റ്റീരിയ സ്ഥായിയായ കാഴ്ച്ച നഷ്ടത്തിനു കാരണമാകുന്നുവെന്ന യു.എസ് ആരോഗ്യ വിഭാഗത്തിന്റെ റിപ്പോട്ടിനു പിന്നാലെയായിരുന്നു അത്.
ഗാംബിയയിലും ഉസ്‌ബെക്കിസ്താനിലും നിരവധി കുട്ടികളുടെ മരണത്തിന് കാരണമായ ചുമ സിറപ്പുകളും ഇന്ത്യയില്‍ നിര്‍മിച്ചതായിരുന്നു. നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാരിയോണ്‍ ബയോടെക് നിര്‍മിച്ച ചുമമരുന്ന് കുടിച്ച് ഉസ്ബെക്കിസ്താനില്‍ 18 കുട്ടികള്‍ മരിച്ചതിനു പിന്നാലെ പ്രസ്തുത കമ്പനിയുടെ ലൈസന്‍സ് റദ്ദാക്കിയിരുന്നു. ഹരിയാണയിലെ മെയ്ഡന്‍ ഫാര്‍മ കയറ്റുമതി ചെയ്ത മരുന്നു കഴിച്ച് ഗാംബിയയില്‍ 66 കുട്ടികളാണ് വൃക്കത്തകരാറിനെത്തുടര്‍ന്ന് മരിച്ചത്.