ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബുധനാഴ്ച ദല്‍ഹിയില്‍ സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതിയും മുതിര്‍ന്ന പാര്‍ട്ടി നേതാവുമായിരുന്ന പ്രണബ് മുഖര്‍ജി പങ്കെടുക്കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രണബിനെ രാഹുല്‍ നേരിട്ടാണ് ക്ഷണിച്ചതെന്നും അദ്ദേഹം സ്വീകരിച്ചിട്ടുണ്ടെന്നും പാര്‍ട്ടി വക്താവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. നാഗ്പൂരില്‍ ആര്‍ എസ് എസ് ആസ്ഥാനത്ത് നടന്ന പരിപാടിയില്‍ പ്രണബ് പങ്കെടുത്തതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത മുറുമറുപ്പുണ്ടായ പശ്ചാത്തലത്തില്‍ പ്രണബിനെ ഇഫ്താറിന് ക്ഷണിച്ചില്ലെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടി ഇതു തള്ളി. പ്രണബ് ഇഫാതാറില്‍ പങ്കെടുക്കില്ലെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും സുര്‍ജെവാല വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം സോണിയാ ഗാന്ധി സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്നിലും പ്രണബ് പങ്കെടുത്തിരുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ദല്‍ഹിയിലെ ഒരു നക്ഷത്ര ഹോട്ടലിലാണ് രാഹുലിന്റെ ഇഫ്താര്‍ പാര്‍ട്ടി. പാര്‍ട്ടി അധ്യക്ഷനായ ശേഷം രാഹുല്‍ ആദ്യമായി സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നു കൂടിയാണിത്. കഴിഞ്ഞ രണ്ടു വര്‍ഷം കോണ്‍ഗ്രസ് ഇഫ്താര്‍ വിരുന്നുകള്‍ നടത്തിയിരുന്നില്ല. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ എല്ലാ വിഭാഗത്തില്‍പ്പെട്ട മത നേതാക്കളും നയതന്ത്ര പ്രതിനിധികളും വിരുന്നില്‍ പങ്കെടുക്കും.