Sorry, you need to enable JavaScript to visit this website.

സൗദിയിൽ ഈജാറിൽ പത്തു ലക്ഷത്തിലേറെ വാണിജ്യ വാടക കരാറുകൾ

റിയാദ് - മുനിസിപ്പൽ, ഗ്രാമ, പാർപ്പിടകാര്യ മന്ത്രാലയത്തിനു കീഴിൽ വാടക സേവനത്തിനുള്ള ഈജാർ നെറ്റ്‌വർക്കിൽ ഇതുവരെ പത്തു ലക്ഷത്തിലേറെ വാണിജ്യ കരാറുകൾ രജിസ്റ്റർ ചെയ്തു. 2018 ലാണ് ഈജാർ നെറ്റ്‌വർക്ക് ആരംഭിച്ചത്. തുടക്കത്തിൽ പാർപ്പിട വാടക കരാറുകൾ രജിസ്റ്റർ ചെയ്യാൻ മാത്രമാണ് ഈജാറിൽ സൗകര്യമുണ്ടായിരുന്നത്. കഴിഞ്ഞ പന്ത്രണ്ടു മാസത്തിനിടെ മാത്രം ഈജാറിൽ അഞ്ചു ലക്ഷത്തോളം വാണിജ്യ കരാറുകൾ രജിസ്റ്റർ ചെയ്തു. നെറ്റ്‌വർക്ക് വികസിപ്പിച്ചതും സേവനങ്ങൾ മെച്ചപ്പെടുത്തിയതും പുതിയ സവിശേഷതകൾ നിരന്തരം ഉൾപ്പെടുത്തിയതും റിയൽ എസ്റ്റേറ്റ് വാടക മേഖലയിലെ ഉപയോക്താക്കളുടെ വിശ്വാസം വർധിപ്പിക്കാൻ സഹായിച്ചു.
റിയൽ എസ്റ്റേറ്റ് വാടക മേഖല നവീകരിക്കൽ, കാര്യക്ഷമത വർധിപ്പിക്കൽ, വാടക പ്രക്രിയകളും നടപടിക്രമങ്ങളും സുഗമമാക്കൽ, സാമ്പത്തികവും കരാർപരവുമായ ഇടപാടുകളിൽ സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കൽ എന്നിവ ഈജാർ നെറ്റ്‌വർക്ക് പ്രോഗ്രാമിൽ നിരന്തരം നടന്നുകൊണ്ടിരിക്കുന്നു. ഇതിലൂടെ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താനും വാടക പ്രക്രിയ കക്ഷികളുടെ അവകാശങ്ങൾ സംരക്ഷിച്ച് അപകട സാധ്യതകൾ കുറക്കാനും വാടക കരാറുകളുമായി ബന്ധപ്പെട്ട കേസുകൾ കുറക്കാനും സാധിക്കുന്നു. ഇതിന്റെ ഫലമായി വാടക തർക്കങ്ങളുമായി ബന്ധപ്പെട്ട് കോടതികളിൽ എത്തുന്ന കേസുകൾ 50 ശതമാനം വരെ കുറഞ്ഞിട്ടുണ്ട്.
ഈജാർ പ്രോഗ്രാം നിരവധി തന്ത്രപ്രധാന പങ്കാളിത്തങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ തന്ത്രപ്രധാന പങ്കാളിത്തം സ്ഥാപിച്ചത് ദേശീയ ജല കമ്പനിയുമായിട്ടാണ്. ഈജാർ നെറ്റ്‌വർക്കിൽ രജിസ്റ്റർ ചെയ്ത വാടക കരാർ പ്രകാരം യഥാർഥ ഉപയോക്താവിന്റെ പേരിലേക്ക് വാട്ടർ മീറ്റർ അക്കൗണ്ട് മാറ്റാൻ അവസരമൊരുക്കാനാണ് ദേശീയ ജല കമ്പനിയുമായി ഈജാർ പ്രോഗ്രാം പങ്കാളിത്ത കരാർ സ്ഥാപിച്ചത്. 
ധന, കരാർ ഇടപാടുകളിൽ വിശ്വാസ്യത വർധിപ്പിച്ചും നടപടിക്രമങ്ങൾ എളുപ്പമാക്കിയും നൂതന ഇലക്‌ട്രോണിക് സേവനങ്ങൾ വൈവിധ്യവൽക്കരിച്ചും വാടക കരാർ കക്ഷികളുടെ അഭിലാഷങ്ങൾ സാക്ഷാൽക്കരിക്കാനും റിയൽ എസ്റ്റേറ്റ് വാടക മേഖല മെച്ചപ്പെടുത്താനും സുരക്ഷിതമായ വാടക സാഹചര്യം സൃഷ്ടിക്കാനും ഈജാർ പ്രോഗ്രാം ലക്ഷ്യമിടുന്നു. മാസ, പാദവർഷ, അർധവർഷ, വാർഷിക അടിസ്ഥാനത്തിൽ വാടക പെയ്‌മെന്റുകൾ ഷെഡ്യൂൾ ചെയ്യാൻ ഈജാർ നെറ്റ്‌വർക്ക് അവസരമൊരുക്കുന്നു. 
ഭൂമി വാടക, എ.ടി.എം സ്ഥാപിച്ച സ്ഥലത്തിനുള്ള വാടക, പെട്രോൾ ബങ്ക് വാടക, മൊബൈൽ ഫോൺ ടവർ സ്ഥാപിച്ച സ്ഥലത്തിന്റെ വാടക, ഹൗസ് ഡ്രൈവർമാർക്കുള്ള മുറിയുടെ വാടക, കാർ പാർക്കിംഗ് വാടക എന്നീ റിയൽ എസ്റ്റേറ്റ് യൂനിറ്റ് വാടകകൾ അടക്കാനുള്ള സൗകര്യവും ഈജാർ നെറ്റ്‌വർക്കിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്. എളുപ്പവും വഴക്കമുള്ളതുമായ നടപടികളിലൂടെ പുതിയ വാടക കരാറുകൾ രജിസ്റ്റർ ചെയ്യാനുള്ള സംവിധാനം സുഗമമാക്കൽ, ഈജാർ നെറ്റ്‌വർക്ക് വഴി വാടക കരാറുകൾ ഓൺലൈൻ ആയി നേരിട്ട് രജിസ്റ്റർ ചെയ്യൽ, വാടക കരാറുകൾ ഓട്ടോമാറ്റിക് ആയി പുതുക്കാനുള്ള സൗകര്യം എന്നിവ അടക്കം ഈജാർ നെറ്റ്‌വർക്ക് നിരവധി സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

Latest News