സിങ്കപൂര്‍ സിറ്റി- പുറത്ത് നിന്നു ഒരു ഈച്ച പോലും കടക്കാതെ ഭദ്രമായി കൊട്ടിയടച്ച അതിര്‍ത്തിക്കുള്ളിലാണ് ഉത്തര കൊറിയ. സര്‍ക്കാര്‍ നല്‍കുന്ന വാര്‍ത്തകളെ പുറത്തു വരൂ. മറ്റൊന്നിനെ കുറിച്ചും ആര്‍ക്കും ഒരു സൂചനയും ലഭിക്കില്ല. ശത്രുക്കളുടെ ഇടപെടല്‍ തടയാന്‍ ഏതറ്റം വരേയും ഉത്തര കൊറിയന്‍ ഭരാധികാരി കിം ജോങ് ഉന്‍ പോകും എന്നതിന്റെ മികച്ച ഉദാഹരമാണ് അദ്ദേഹത്തിന്റെ സിങ്കപൂര്‍ യാത്ര. ആദ്യമായാണ് സ്വന്തം രാജ്യത്തു നിന്നും ഇത്രയധികം സഞ്ചരിച്ച് കിം മറ്റൊരു രാജ്യത്തെത്തുന്നത്. യുഎസ്- ഉത്തര കൊറിയ ഉച്ചകോടിയില്‍ പങ്കെടുക്കാനെത്തിയ കിം അദ്ദേഹത്തിന്റെ സ്വന്തം കക്കൂസ് പൊക്കിയെടുത്ത് സിങ്കപൂരിലെത്തിച്ചതായാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വാര്‍ത്ത.
സഞ്ചരിക്കാനുള്ള വലിയ ബുള്ളറ്റ് പ്രൂഫ് കാറും പോര്‍ട്ടബിള്‍ ടോയ്‌ലെറ്റും കിമ്മിനൊപ്പം സിങ്കപൂരിലെത്തിച്ചിരുന്നതായി ദക്ഷിണ കൊറിയന്‍ പത്രമായ ചോസുന്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. കിമ്മിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് പുറം ലോകത്തിന് ഒരു സൂചന പോലും ലഭിക്കരുതെന്ന നിര്‍ബന്ധമാണ് ടോയ്‌ലെറ്റ് ഇവിടെ എത്തിച്ചതിന്റെ പിന്നിലെന്നാണ് പറയപ്പെടുന്നത്. മല പരിശോധനയിലൂടെ ആരോഗ്യസ്ഥിതി കണ്ടെത്തുന്നത് തടയുകയായിരുന്നത്രെ ലക്ഷ്യം. ഇതിനായി വിസര്‍ജ്യം പോലും പുറത്തു കളയാതെ അതീവ രഹസ്യമായാണ് നീക്കം ചെയ്യുന്നത്.
കിമ്മിന്റെ യാത്രകളില്‍ കക്കൂസും കൂടെ കൊണ്ടു പോകാറുണ്ടെന്ന് മുന്‍ ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥനായ ലീ യുന്‍ കോയലിനെ ഉദ്ധരിച്ച് ഈയിടെ വാഷിങ്ടണ്‍ പോസ്റ്റും റിപ്പോര്‍ട്ട് ചെയ്തിരുന്നു. യാത്രകളില്‍ ഉപയോഗിക്കാനായി മാത്രം കിമ്മിന് ഒരു പേഴ്‌സണല്‍ ടോയ്‌ലെറ്റ് ഉണ്ടത്രെ.