ന്യൂയോര്‍ക്ക്- റഷ്യയും യുക്രെയ്‌നും തമ്മിലുള്ള സംഘര്‍ഷം സമാധാന ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി 24 മണിക്കൂറിനുള്ളില്‍ അവസാനിപ്പിക്കാനാകുമെന്ന് അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റെ അവകാശവാദം.
2024ലെ യു. എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലും യുദ്ധം അവസാനിച്ചില്ലെങ്കില്‍ താന്‍ വീണ്ടും വൈറ്റ് ഹൗസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ റഷ്യയ്ക്കും യുക്രെയ്നുമിടയില്‍ ഒരു ദിവസത്തിനുള്ളില്‍ സമാധാനം സ്ഥാപിക്കുമെന്ന് ട്രംപ് പറഞ്ഞു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും യുക്രെയ്നിലെ വ്ളോഡിമര്‍ സെലന്‍സ്‌കിയും താനും തമ്മിലുള്ള ചര്‍ച്ചകള്‍ എളുപ്പമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
അടുത്ത ഒന്നര വര്‍ഷത്തേക്ക് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്ന് അഭിപ്രായപ്പെട്ട ട്രംപ് യുദ്ധം കൂടുതല്‍ വഷളാകാനാണ് സാധ്യതയെന്നും പറഞ്ഞു. റഷ്യന്‍ പ്രസിഡന്റുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും താന്‍ 2020ല്‍ വീണ്ടും അധികാരത്തിലെത്തിയിരുന്നെങ്കില്‍ സംഘര്‍ഷം ഉണ്ടാകില്ലായിരുന്നുവെന്നും ട്രംപ് പറഞ്ഞു.