മെക്‌സിക്കോ സിറ്റി: മെക്‌സിക്കോയിലെ അതിര്‍ത്തി നഗരമായ സിയുഡാഡ് ജുവാരസിലെ കുടിയേറ്റ തടങ്കല്‍ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ 39 പേര്‍ മരിച്ചു. 29 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. 68 പേരാണ് തടങ്കല്‍ പാളയത്തില്‍ ഉണ്ടായിരുന്നത്.
നാടുകടത്തപ്പെടുമെന്ന അറിയിപ്പ് കേട്ടതിനെ തുടര്‍ന്ന് കുടിയേറ്റക്കാരില്‍ ചിലര്‍ കിടക്കകള്‍ കത്തിച്ച് പ്രതിഷേധിച്ചതാണ് തീ പിടുത്തത്തിന് കാരണമെന്നാണ് കരുതുന്നതെന്ന് മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രേസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍ പറഞ്ഞു.
തടങ്കല്‍പ്പാളയത്തിലെ കിടക്കകള്‍ പെട്ടെന്ന് തീപിടുക്കുന്ന തരത്തിലുള്ളതായതിനാല്‍ വേഗത്തില്‍ തീ പടരുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുടിയേറ്റക്കാരില്‍ പലരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പ്രാഥമിക വിവരം.
പരിക്കേറ്റ 29 പേരുടെയും നില ഗുരുതരമാണ്. ഇവരെ സിയുഡാഡ് ജുവാരസിലെ നാല് ആശുപത്രികളിലായാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.