ന്യൂദല്‍ഹി- രാഹുല്‍ ഗാന്ധിയുടെ അയോഗ്യതയില്‍ പ്രതിഷേധിച്ച് ചെങ്കോട്ടയ്ക്ക് മുന്നില്‍ കോണ്‍ഗ്രസ് നടത്താനിരുന്ന പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ദല്‍ഹി പോലീസ്. പന്തം കൊളുത്തി പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന നിലപാടിലാണ് പോലീസ്. മാര്‍ച്ചിനായി ചെങ്കോട്ടയില്‍ തടിച്ചുകൂടിയ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.
ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ഉള്‍പ്പെടെ നിരവധി എം.പിമാരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പ്രതിഷേധ പരിപാടികള്‍ രാജ്യമെമ്പാടും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജനാധിപത്യം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ചെങ്കോട്ടയ്ക്ക് മുന്നില്‍ പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനായിരുന്നു കോണ്‍ഗ്രസിന്റെ നീക്കം. രാത്രി ഏഴ് മണിക്കായിരുന്നു ചെങ്കോട്ടയില്‍ പന്തം കൊളുത്തി മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. അനുമതി നിഷേധിച്ചിട്ടും ചെങ്കോട്ടയ്ക്ക് മുന്നിലെത്തിയ മധ്യപ്രദേശില്‍ നിന്നുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കസ്റ്റഡിയിലെടുത്ത് നീക്കിയത്.