സിങ്കപൂര്‍ സിറ്റി- സിങ്കപൂരിലെ സെന്റോസ ദ്വീപില്‍ ലോകം ഉറ്റു നോക്കിയ ഉത്തര കൊറിയ-യുഎസ് ഉച്ചകോടി സമാപിച്ചു. യുഎസ് പ്രസിഡന്റ് ഡൊനള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നും ഹസ്തദാനം ചെയ്ത ക്യാമറകള്‍ക്കു മുമ്പില്‍ ചിരിച്ചു നിന്നത് പുതിയ ചരിത്രമായി മാറി. ഇംഗ്ലീഷ് അറിയാത്ത കിമ്മും കൊറിയന്‍ ഭാഷ അറിയാത്ത ട്രംപും തമ്മില്‍ നടന്ന സംഭാഷണം പുതിയ സമാധാന കരാറിന് വഴിതെളിയിച്ചു. 'കാണാനായതില്‍ സന്തോഷം, മിസ്്റ്റര്‍ പ്രസിഡന്റ്' എന്നായിരുന്നു കിം ആദ്യമായി ട്രംപിനോട് പറഞ്ഞത്. ഇതിനു ട്രംപ് പറഞ്ഞ മറുപടി ഇങ്ങനെ: 'എനിക്കും സന്തോഷം, നമുക്കിടയില്‍ ഊഷ്മളമായ ബന്ധമുണ്ടാകും, ഒരു സംശയവുമില്ല.'
പരിഭാഷകരുടെ സഹായത്തോടെയായിരുന്നു ഇരു നേതാക്കളുടേയും നേരിട്ടുള്ള കൂടിക്കാഴ്ച. ഇതു വലിയ വിജയമാകുമെന്ന ഉറപ്പിലായിരുന്നു ട്രംപ്. 'ഇതൊരു മഹത്തരമായ സംഭവമായാണ് ഞാന്‍ കാണുന്നത്. ഇതു തീര്‍ച്ചയായും ഒരു വിജയമായി മാറുകയും നമുക്കിടയില്‍ ഊഷ്മളമായ ബന്ധമുണ്ടാക്കുകയും ചെയ്യുമെന്നതില്‍ സംശയമില്ല,' ട്രംപ് പറഞ്ഞു. ഇതിനു കിം നല്‍കിയ മറുപടി ഇതായിരുന്നു: 'ഇവിടം വരെ എത്തുക എളുപ്പമായിരുന്നില്ല. നമ്മുടെ വഴിയില്‍ പല തടസ്സങ്ങളും മുമ്പ് ഉണ്ടായിരുന്നു. എന്നാല്‍ അതൊക്കെ തരണം ചെയ്ത് നമുക്ക് ഇന്ന് ഇവിടെ വരെ എത്താന്‍ കഴിഞ്ഞു.'
ഉച്ചകോടിക്ക് മുമ്പുള്ള നിമിഷങ്ങളില്‍ വളരെ കരുതലോടെ കാണപ്പെട്ട ഇരുനേതാക്കളും പിന്നീട് വളരെ ശാന്തരായാണ് കാണപ്പെട്ടത്. ഇരുവരും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ച 41 മിനിറ്റോളം നീണ്ടു. ഇരു രാജ്യങ്ങളും തമ്മില്‍ മികച്ച ബന്ധമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്കു ശേഷം ട്രംപ് പറഞ്ഞു. വലിയ പ്രശ്‌നങ്ങള്‍ നേതാക്കള്‍ പരിഹരിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. ഉത്തര കൊറിയക്കുമേലുള്ള അന്താരാഷ്ട്ര ഉപരോധം പിന്‍വലിക്കുമെന്നും ശത്രുതാപരമായ നയം അവസാനിപ്പിക്കുമെന്നുമാണ് കിമ്മിന്റെ പ്രതീക്ഷ.