റിയാദ് - ഇസ്രായിലിനെതിരെ സൗദി അറേബ്യ ചരിത്ര നിലപാടുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുൻ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അമേരിക്കയിലെ മുൻ സൗദി അംബാസഡറുമായ തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു. 1973 റമദാൻ യുദ്ധത്തിൽ ഇസ്രായിൽ അനുകൂല രാജ്യങ്ങൾക്ക് എണ്ണ വിലക്കി ഫൈസൽ രാജാവ് ചരിത്ര നിലപാട് സ്വീകരിച്ചു. 1967 ലെ യുദ്ധത്തിൽ ഈജിപ്തിന്റെയും സിറിയയുടെയും ജോർദാന്റെയും പ്രദേശങ്ങൾ ഇസ്രായിൽ പിടിച്ചടക്കുകയായിരുന്നു. ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ രൂപീകരിച്ച് ഫലസ്തീനികളുടെ കാര്യങ്ങളുടെ ഉത്തരവാദിത്തം സംഘടന ഏറ്റെടുക്കുന്നതിനു മുമ്പായിരുന്നു ഇത്.
ഇസ്രായിൽ വിജയവും തൽസ്ഥിതിയും അംഗീകരിക്കാതിരിക്കാൻ ഈജിപ്തിനും സിറിയക്കും ജോർദാനും ഫൈസൽ രാജാവ് ആവശ്യമായ പിന്തുണകൾ നൽകി. അറബ് പ്രദേശങ്ങൾക്കെതിരായ ഇസ്രായിൽ ആക്രമണത്തോട് പ്രതികരിക്കാനുള്ള ശേഷി ആർജിക്കാൻ ഈ രാജ്യങ്ങളുമായി സൗദി അറേബ്യ ഏകോപനം നടത്തി. ഇസ്രായിൽ അധിനിവേശം നേരിടാൻ ഏകീകൃത അറബ് നിലപാട് രൂപീകരിക്കാനും ഏകോപനങ്ങൾ നടത്താനും ഈജിപ്തിലേക്കും സിറിയയിലേക്കും ജോർദാനിലേക്കും സൗദി അറേബ്യ നിരന്തരം പ്രതിനിധികളെ അയക്കുകയും ഔദ്യോഗിക സന്ദർശനങ്ങൾ നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായാണ് ഇസ്രായിൽ അനുകൂല രാജ്യങ്ങൾക്ക് പെട്രോൾ വിലക്കുന്ന നിലപാട് രൂപീകരിക്കാൻ ഫൈസൽ രാജാവ് ശ്രമങ്ങൾ ആരംഭിച്ചത്.
ഫൈസൽ രാജാവ് പത്തു വർഷത്തോളം നീണ്ട് നടത്തിയ ശ്രമങ്ങളാണ് ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കോ-ഓപ്പറേഷൻ രൂപീകരണത്തിലേക്ക് നയിച്ചത്. ഹിജ്‌റ 1393 വരെ ഇസ്‌ലാമിക് സമ്മേളനങ്ങൾ നടന്നിരുന്നു. 1393 ൽ ജിദ്ദയിൽ നടന്ന ഇസ്‌ലാമിക് സമ്മേളനത്തിൽ അന്ന് വിദേശ മന്ത്രിയായിരുന്ന ഫൈസൽ രാജാവാണ് അധ്യക്ഷം വഹിച്ചത്. ഈ സമ്മേളനത്തിൽ വെച്ചാണ് ഒ.ഐ.സി സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇസ്‌ലാമിക് ന്യൂസ് ഏജൻസി, ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് അടക്കമുള്ള സ്ഥാപനങ്ങൾ ഉൾപ്പെടെ സംഘടനക്ക് ഫൈസൽ രാജാവ് അസ്ഥിവാരമിട്ടു. ഒ.ഐ.സിയും സംഘടനക്കു കീഴിലെ സ്ഥാപനങ്ങളുമെല്ലാം ഇന്നും പ്രൗഢിയോടെ തലയുയർത്തി നിലനിൽക്കുന്നു.
ഹിജ്‌റ 1384 മുതൽ 1393 വരെയുള്ള പത്തു വർഷക്കാലം ഫൈസൽ രാജാവ് നടത്തിയ ആഹ്വാനങ്ങളുടെയും ശ്രമങ്ങളുടെയും ഫലമായിരുന്നു ഒ.ഐ.സി സ്ഥാപനം. 1394, 1395 വർഷങ്ങളിൽ ഇസ്‌ലാമിക് ഐക്യദാർഢ്യമെന്ന ആശയം ഫൈസൽ രാജാവ് മുന്നോട്ടുവെച്ചു. സോമാലിയയിൽ നടത്തിയ സന്ദർശനത്തിടെയുള്ള പ്രസംഗത്തിലാണ് ഈ ആശയം ഫൈസൽ രാജാവ് ആദ്യമായി മുന്നോട്ടുവെച്ചത്. സോമാലിയ ഭരണാധികാരികൾ ഇതിനെ പിന്തുണച്ചു. ഇതിനു ശേഷം ഇന്തോനേഷ്യ, മലേഷ്യ, പാക്കിസ്ഥാൻ തുടങ്ങി നിരവധി രാജ്യങ്ങൾ ഫൈസൽ രാജാവ് സന്ദർശിച്ച് ഇസ്‌ലാമിക് ഐക്യദാർഢ്യമെന്ന ആശയത്തിന് പിന്തുണ നേടിയെടുത്തു.
പ്രസിഡന്റ് ജമാൽ അബ്ദുന്നാസിറിന്റെ കാലത്ത് ഈജിപ്തും ഉത്തരാഫ്രിക്കയിലെ മൊറോക്കൊയും അൾജീരിയയും തുനീഷ്യയും സുഡാനുമെല്ലാം ഫൈസൽ രാജാവ് സന്ദർശിച്ചു. ഈ സന്ദർശനങ്ങളെല്ലാം ഇസ്‌ലാമിക ഐക്യദാർഢ്യമെന്ന ആശയം രൂപീകരിക്കാനും ഇതിന് പിന്തുണ നേടിയെടുക്കാനും ശ്രമിച്ചായിരുന്നു. അക്കാലത്ത് ഇന്ത്യക്കും പാക്കിസ്ഥാനും ബംഗ്ലാദേശിനുമിടയിൽ തർക്കങ്ങളുണ്ടായിരുന്നു. ഇത് പരിഹരിക്കാനും ഫൈസൽ രാജാവ് ശ്രമിച്ചതായി തുർക്കി അൽഫൈസൽ രാജകുമാരൻ പറഞ്ഞു.