അബഹ - ശആർ ചുരം റോഡിലുണ്ടായ അപകടത്തിൽ മരിച്ചവരെ തിരിച്ചറിയുന്നതിനുള്ള ഫോറൻസിക് പരിശോധന ഊർജിതമാക്കി. ഭൂരിഭാഗം മൃതദേഹങ്ങളും കത്തിക്കരിഞ്ഞ നിലയിലാണ്. ക്രിമിനൽ എവിഡെൻസ് ഡിപ്പാർട്ട്മെന്റിന്റെ പങ്കാളിത്തത്തോടെ ഫോറൻസിക് മെഡിക്കൽ സംഘം മരണപ്പെട്ടവരുടെ ഡി.എൻ.എ സാമ്പിളുകൾ ശേഖരിക്കുന്നുണ്ട്.
അസീർ ഗവർണർ തുർക്കി ബിൻ ത്വലാൽ രാജകുമാരന്റെ നിർദേശാനുസരണം മഹായിൽ ഗവർണർ മുഹമ്മദ് ബിൻ ഫലാഹ് അൽഖർഖാഹ് പരിക്കേറ്റവരെ സന്ദർശിച്ചു. മഹായിൽ അസീർ പോലീസ് മേധാവി ബ്രിഗേഡിയർ മുബാറക് അൽബിശ്രിയും ഗവർണറെ അനുഗമിച്ചു. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സയും പരിചരണങ്ങളും നൽകാൻ മഹായിൽ ഗവർണർ നിർദേശിച്ചു.
മൃതദേഹങ്ങൾ സൂക്ഷിച്ച മോർച്ചറിയും ഗവർണർ പിന്നീട് സന്ദർശിച്ച് മയ്യിത്തുകൾ തിരിച്ചറിയാൻ വലിയ ശ്രമങ്ങൾ നടത്തുന്ന ഫോറൻസിക് മെഡിക്കൽ സംഘവുമായി കൂടിക്കാഴ്ച നടത്തി. ബ്രെയ്ക്ക് തകരാറു മൂലം നിയന്ത്രണം വിട്ട ബസ് പാലത്തിന്റെ ബാരിക്കേഡിൽ ഇടിച്ച് താഴേക്ക് മറിഞ്ഞ് കത്തുകയായിരുന്നു. തിങ്കളാഴ്ച വൈകീട്ടാണ് ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. സിവിൽ ഡിഫൻസും റെഡ് ക്രസന്റും സുരക്ഷാ വകുപ്പുകളും രക്ഷാപ്രവർത്തനങ്ങൾ നടത്തി. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പൊള്ളലേറ്റിട്ടുണ്ട്.
അസീർ പ്രവിശ്യയിൽ അബഹയെയും മഹായിൽ അസീറിനെയും ബന്ധിപ്പിക്കുന്ന ശആർ ചുരംറോഡിലുണ്ടായ ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ എണ്ണം 21 ആയി ഉയർന്നു. മൃതദേഹങ്ങളെല്ലാം മഹായിൽ അസീർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തിൽ 29 പേർക്കാണ് പരിക്കേറ്റത്. ഇവർ അസീർ സെൻട്രൽ ആശുപത്രി, മഹായിൽ ആശുപത്രി, അബഹ പ്രൈവറ്റ് ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സയിലാണ്.