ന്യൂഡൽഹി - 2019ലെ ജാമിഅ മില്ലിയ സംഘർഷത്തിൽ ജെ.എൻ.യു ഗവേഷകനും ആക്ടിവിസ്റ്റുമായ ഷർജീൽ ഇമാം, സഫൂറ സർഗാർ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവരെയും മറ്റ് എട്ടുപേരെയും കുറ്റവിമുക്തരാക്കിയ വിചാരണക്കോടതിയുടെ വിധി ഡൽഹി ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. 2019-ലെ ജാമിഅ സംഘർഷ കേസിൽ ഷർജീൽ ഇമാമിനെ വെറുതെ വിട്ട ഡൽഹി സാകേത് കോടതിയുടെ ഉത്തരവിനെതിരെ ഡൽഹി പോലീസ് നൽകിയ അപ്പീലിലാണ് നടപടി.
നിയവിരുദ്ധമായി കൂട്ടം കൂടിയതിനും കലാപമുണ്ടാക്കിയതിനും ഷർജീൽ ഇമാമിനും സഫൂറ സർഗാറിനും ഉൾപ്പെടെ 9 പേർക്കെതിരെ ഡൽഹി ഹൈക്കോടതി കുറ്റം ചുമത്തി. അതേസമയം, ആസിഫ് തൻഹക്കെതിരെ ചുമത്തിയ നരഹത്യാകുറ്റം കോടതി ഒഴിവാക്കി. പോലീസ് ചുമത്തിയ വിവിധ വകുപ്പുകൾ ഒഴിവാക്കിയാണ് കുറ്റം ചുമത്തിയത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ 2019 ഡിസംബർ 13ന് ജാമിഅയിലുണ്ടായ പ്രതിഷേധങ്ങൾക്ക് പിന്നാലെ മൂന്ന് ദിവസം നീണ്ട സംഘർഷം അരങ്ങേറിയിരുന്നു. ഈ സംഘർഷത്തിന് വഴിവെച്ചത് 2019 ഡിസംബർ 13ന് ഷർജീൽ ഇമാം നടത്തിയ പ്രസംഗമാണെന്നാണ് പോലീസ് ആരോപണം. പൗരത്വഭേദഗതിക്കെതിരെ ജാമിഅ നഗർ പ്രദേശത്ത് സമരം ചെയ്തവർ പൊതുസ്വകാര്യ വാഹനങ്ങൾ കേടുവരുത്തിയെന്നും വാഹന ഗതാഗതം തടസ്സപ്പെടുത്തിയെന്നും കുറ്റപത്രത്തിലുണ്ട്