മലപ്പുറം-സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദില്‍ ഒരുമിച്ചുണ്ടായിരുന്ന കൊല്ലം സ്വദേശി നാസറിനെ തേടി മലപ്പുറം സ്വദേശി കുഞ്ഞിമുഹമ്മദ്. മറ്റൊന്നിനുമല്ല, 21 വര്‍ഷം മുമ്പ് കടം വാങ്ങിയ ആയിരം റിയാല്‍ തിരിച്ചു നല്‍കണം.
റിയാദിലെ സൂഖില്‍ സൂപ്പര്‍ മാര്‍ക്കറ്റും മീന്‍കടയും നടത്തിയിരുന്ന നാസറിന്റെ സ്വദേശം കൊല്ലമാണെന്നറിയാം. മറ്റു വിവരങ്ങളൊന്നുമില്ലെന്നും വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ വിലാസം തേടുകയാണെന്നും മലപ്പുറം പാങ്ങ് ചേണ്ടി പാറോളി കുഞ്ഞിമുഹമ്മദ് പറയുന്നു.
2002 ലായിരുന്നു സംഭവം. അല്‍ ഈമാന്‍ ആശുപത്രിയിലെ ഡ്രൈവറായിരുന്നു കുഞ്ഞിമുഹമ്മദ്. മൂത്തമകളുടെ വിവാഹം നിശ്ചയിച്ചപ്പോഴാണ് നാസറിനോട് കടം ചോദിച്ചത്. 1000 റിയാല്‍ അപ്പോള്‍ തന്നെ നല്‍കി. രണ്ടോ മൂന്നോ മാസമാണ് പിന്നീട് ഇരുവരും അവിടെയുണ്ടായിരുന്നത്. കെട്ടിടങ്ങള്‍ നഗരസഭാ അധികൃതര്‍ പൊളിച്ചു മാറ്റിയതോടെ രണ്ടു പേര്‍ക്കും മാറേണ്ടി വന്നു.
ആശുപത്രിയുടെ ജിദ്ദ ബ്രാഞ്ചിലേക്കാണ് കുഞ്ഞി മുഹമ്മദ് മാറിയിരുന്നത്. നാസറിനെ പിന്നീട് കണ്ടിട്ടില്ല. 2018ല്‍ പ്രവാസം മതിയാക്കി നാട്ടിലെത്തിയ കുഞ്ഞിമുഹമ്മദ് ഇപ്പോള്‍ ഓട്ടോ ഡ്രൈവറാണ്. വലിയ പ്രതിസന്ധി ഘട്ടത്തില്‍ ഒന്നും ആലോചിക്കാതെ കടം നല്‍കിയ ആളെ കണ്ടെത്തി അതു വീട്ടേണ്ടത് തന്റെ കടമയാണെന്നു കുഞ്ഞി മുഹമ്മദ് പറയുന്നു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)