Sorry, you need to enable JavaScript to visit this website.

ഇസ്ലാമിലെ സകാത്തിന്റെ ബഹുമുഖ നന്മ

മനുഷ്യന്‍ സാമൂഹ്യ ജീവിയാണ്. സാമൂഹ്യതയിലധിഷ്ഠിതമായിട്ടേ സന്തുഷ്ട ജീവിതം നയിക്കാനാവുകയുള്ളൂ. അതുകൊണ്ടുതന്നെ മനുഷ്യന് നിര്‍ദേശിക്കപ്പെട്ട അനുഷ്ഠാനങ്ങളും ആരാധനകളുമെല്ലാം സംഘടിതമായി നിര്‍വഹിക്കാനാണ് ദൈവകല്‍പന. കൂട്ടായ്മയുടെ ബഹുമുഖനന്മകള്‍ വിവരണാതീതമാണ്. നമസ്‌കാരം, വ്രതം, ഹജ്ജ് തുടങ്ങിയ അനുഷ്ഠാനങ്ങളും മറ്റ് ആഘോഷങ്ങളും സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. അതുപോലെ സകാത്തും സംഘടിതമായിട്ടാണ് നിര്‍വഹിക്കേണ്ടത്. സകാത്തിന്റെ എട്ട് അവകാശികളില്‍ ഒരു വിഭാഗം സകാത്ത് ശേഖരണ വിതരണ ഉദ്യോഗസ്ഥരാണെന്ന് ഖുര്‍ആന്‍ 9:60ല്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചകനു ശേഷമുള്ള ഇസ്ലാമിക ഭരണകൂടവും മുന്‍കാല മുസ്ലിം സമുദായവുമെല്ലാം സംഘടിതമായിട്ടാണ് സകാത്ത് നല്‍കിയത്. അപ്പോഴേ സകാത്തിന്റെ ബഹുമുഖ നന്മ അനുഭവവേദ്യമാകുകയുള്ളൂ. സകാത്ത് അര്‍ഹരായ എല്ലാവര്‍ക്കും ജാതിമതഭേദമന്യേ വിശാലമായ കാഴ്ചപ്പാടോടെ നല്‍കാവുന്നതാണെന്നാണ് ഇസ്ലാമിന്റെ വിശാല മാനവിക വീക്ഷണത്തോട് ചേര്‍ന്നുനില്‍ക്കുന്ന നിലപാട്. മുസ്ലിംകള്‍ക്ക് മുന്‍ഗണന നല്‍കണമെന്നും മുസ്ലിംകളോട് നിരന്തരം കഠിന വിരോധം പുലര്‍ത്തുന്നവരെ ഒഴിവാക്കണമെന്നും മാത്രമാണ് കവിഞ്ഞാല്‍ പറയാവുന്ന പരിധി നിര്‍ണയം. എട്ട് അവകാശികളില്‍ പലരെയും മുസ്ലിം, അമുസ്ലിം എന്ന് വിഭജിക്കാവതല്ല. ഫീസബീലില്ലാഹ് (ദൈവികമാര്‍ഗത്തില്‍ അഥവാ ധര്‍മ്മ സംസ്ഥാപനാര്‍ഥമുള്ള പരിശ്രമത്തിന്റെയും പോരാട്ടത്തിന്റെയും മാര്‍ഗത്തില്‍)  എന്നതൊഴികെ ബാക്കി എല്ലാം പൊതു പ്രയോഗമായി മനസ്സിലാക്കാവുന്നതാണ്. മുസ്ലിംകളില്‍നിന്ന് ശേഖരിച്ചുണ്ടാക്കുന്ന സമ്പത്തില്‍ മുസ്ലിംകള്‍ക്ക് വളരെ മുന്‍ഗണന നല്‍കണമെന്ന ന്യയം തികച്ചും ശരിയാണ്. എന്നാല്‍ ഇസ്ലാമിന്റെ നന്മ ആസ്വദിക്കാന്‍ അമുസ്ലിംകള്‍ക്കും സാധിക്കേണ്ടത് ഇസ്ലാമിന്റെ പ്രബോധനപരമായ ആവശ്യമാണ്. ഇത് ബഹുസ്വര സമൂഹത്തില്‍ കൂടുതല്‍ പ്രസക്തവുമാണ്. മാത്രമല്ല, എട്ട് അവകാശികളില്‍ ഒരു വിഭാഗമായ മുഅല്ലഫത്തുല്‍ ഖുലൂബ് എന്നത് അമുസ്ലിംകളാണെന്നതില്‍ തര്‍ക്കവുമില്ല.
മുസ്ലിംകള്‍ക്കും ശത്രുക്കള്‍ക്കുമിടയില്‍ അല്ലാഹു സ്‌നേഹബന്ധമുണ്ടാക്കിയേക്കാം എന്ന ആമുഖത്തിന് ശേഷം ഖുര്‍ആന്‍ നടത്തുന്ന പ്രസ്താവന ഇങ്ങനെയാണ്: ''മതകാര്യത്തില്‍ നിങ്ങളോട് യുദ്ധം ചെയ്യാതിരിക്കുകയും നിങ്ങളുടെ ഗേഹങ്ങളില്‍ നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്തിട്ടില്ലാത്തവരെ സംബന്ധിച്ചെടുത്തോളം നിങ്ങളവര്‍ക്ക് നന്മ ചെയ്യുന്നതും നിങ്ങളവരോട് നീതി കാണിക്കുന്നതും അല്ലാഹു നിങ്ങളോട് നിരോധിക്കുന്നില്ല. അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു''(60:8).
ഇസ്ലാമിനെ പൂര്‍ണമായി ഉള്‍ക്കൊള്ളാത്തവര്‍ പോലും ഇസ്ലാമിക് ബാങ്കിങിനെപറ്റി വളരെ താല്‍പര്യപൂര്‍വം ചിന്തിക്കുകയും അത് നടപ്പാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന ഇക്കാലത്ത് നല്ലൊരു ക്ഷേമപദ്ധതിയെന്ന നിലയില്‍ സകാത്ത് വ്യവസ്ഥ ജനകീയമായി പരിചയപ്പെടുത്തപ്പെടുകയും നടപ്പാക്കുകയും ചെയ്താല്‍ അതുണ്ടാക്കുന്ന സല്‍ഫലങ്ങള്‍ വളരെയേറെയാണ്. മുസ്ലിം സമുദായം സകാത്ത് വ്യവസ്ഥ ഫലപ്രദമായി സാര്‍വ്വത്രികമായി നടപ്പാക്കിയാല്‍ ഇസ്ലാമിന്റെ സാമൂഹ്യ  സാമ്പത്തിക ദര്‍ശനത്തിന്റെ നന്മകള്‍  ഗ്രഹിക്കാന്‍ അന്യര്‍ക്ക് അവസരം കിട്ടും.
സകാത്ത് എന്നത് ജനങ്ങളുടെ ദാരിദ്ര്യമകറ്റാനും അടിസ്ഥാന ജീവിതാവശ്യങ്ങളായ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയവക്കാണ് ഉദ്ദേശിക്കപ്പെട്ടിട്ടുള്ളത്. നാട്ടിന്റെ വികസന നിര്‍മ്മാണ പദ്ധതികള്‍ക്ക് സക്കാത്ത് ഉദ്ദേശിക്കപ്പെട്ടിട്ടില്ല.
ന്യായമായ മാര്‍ഗ്ഗേണ മാന്യമായിട്ടേ സമ്പത്ത് സമാര്‍ജിക്കാന്‍ പാടുള്ളൂ. ചൂഷണവും മോഷണവും നിഷിദ്ധമാണ്.  ''നിഷിദ്ധവും നിരോധിതവുമായ (ഹറാം) വഴികളിലൂടെ ഉണ്ടായതെല്ലാം കത്തിക്കാളുന്ന നരകാഗ്‌നിക്ക് അവകാശപ്പെട്ടതാണ്'' എന്ന് നബി(സ) താക്കീത് ചെയ്തിട്ടുണ്ട്. ദീര്‍ഘ യാത്ര ചെയ്ത് ക്ഷീണിതനും പരവശനുമായി മാനത്തേക്ക് കൈ ഉയര്‍ത്തി ഭക്തിപൂര്‍വം ഉള്ളുരുകി താണു കേണു പ്രാര്‍ഥിക്കുന്ന വ്യക്തിയുടെ പ്രാര്‍ഥന സ്വീകരിക്കപ്പെടാതെ പോകാനുള്ള ഏക കാരണം അവന്റെ ആഹാരവും വസ്ത്രവും നിഷിദ്ധമാണെന്നാണ് നബി(സ) പറഞ്ഞത്. നിഷിദ്ധമാര്‍ഗേണ സമ്പത്ത് വാരിക്കൂട്ടി അതിന് സകാത്ത് കൊടുത്താല്‍ അത് പരലോകത്ത് പ്രതിഫലാര്‍ഹമായ സുകൃതമായിരിക്കില്ല. സകാത്ത് കൊടുക്കാനുള്ള പ്രേരണ പരലോകത്ത് കിട്ടുന്ന മഹത്തായ പ്രതിഫലത്തെയും നരക ശിക്ഷയില്‍ നിന്നുള്ള വിമുക്തിയെയും കുറിച്ചുള്ള ചിന്തയായിരിക്കണം. ഇസ്ലാമിക ഭരണകൂടം ഇല്ലാഞ്ഞിട്ടും കോടിക്കണക്കിന് മുസ്ലിംകള്‍ സ്വമേധയാ സകാത്ത് കൊടുക്കുന്നത് പരലോക ചിന്തയാല്‍ പ്രചോദിതരായിട്ടു തന്നെയാണ്. ''നാളെ പരലോകത്ത് സര്‍വ്വശക്തനായ അല്ലാഹുവിന്റെ കോടതിയില്‍ ഒരാള്‍ക്കും ഒരടി മുന്നോട്ട് നീങ്ങുവാന്‍ സാധ്യമല്ല; അഞ്ച് കാര്യങ്ങള്‍ക്ക് മറുപടി നല്‍കിയാലല്ലാതെ...''(നബി വചനം) അതില്‍ നാല് സംഗതികളെ പറ്റി ഒരു ചോദ്യം മാത്രം. എന്നാല്‍ സമ്പത്തിനെക്കുറിച്ച് രണ്ട് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണം 'നീ സമ്പത്ത് എങ്ങനെ, എവിടുന്ന് സമ്പാദിച്ചു?' എന്നതാണ് ഒരു ചോദ്യം. മറ്റൊരു ചോദ്യം: 'നീ അത് എവിടെ എങ്ങനെ ചെലവഴിച്ചു' എന്നതാണ്. വിശുദ്ധ ഖുര്‍ആനില്‍ 'നിങ്ങള്‍ അവന് മാത്രം ഇബാദത്ത് ചെയ്യുന്നവരാണെങ്കില്‍' എന്ന ഉപാധിയോടെ കര്‍ശനമായും ഗൗരവത്തിലും പറഞ്ഞ മൂന്ന് സൂക്തങ്ങളില്‍ രണ്ടെണ്ണത്തിലും 2:173, 16:114 ആഹാരം ഉപജീവനം ഹലാലും ശുദ്ധവും ആയിരിക്കണമെന്ന ആശയമാണുള്ളത്. പ്രവാചകന്‍(സ) പഠിപ്പിച്ച പ്രാര്‍ഥനകളും ഈ പ്രമേയം ഉള്‍ക്കൊള്ളുന്നു.
സകാത്ത് കൊടുക്കേണ്ട ബാധ്യത ഒരാള്‍ക്ക് വന്നുചേരുന്നത് നിശ്ചിത അളവില്‍ മിച്ചധനം അവന്റെ പക്കല്‍ മറ്റിതര ചെലവുകളൊന്നും വന്നുചേരാതെ ഒരു വര്‍ഷക്കാലം അവശേഷിക്കുമ്പോഴാണ്. 2.5% ആണ് സാമാന്യനിരക്ക്. അതിനേക്കാള്‍ കൂടുതല്‍ കൊടുക്കുന്നതിന് വിരോധമൊന്നുമില്ല. 2.5% ല്‍ കുറഞ്ഞുകൂടെന്നത് കണിശമാണ്.
സകാത്ത് ബാധകമാകുന്ന തിനുള്ള നിശ്ചിത പരിധി ഇന്നത്തെ നിലക്ക് ഏതാണ്ട് 5ലക്ഷം രൂപ (85 ഗ്രാം സ്വര്‍ണ്ണം) നിശ്ചയിച്ചതില്‍ നിന്ന് ഇസ്ലാമിന്റെ സന്തുലിത സമീപനം വ്യക്തമാണ്. ഒരു വ്യക്തിക്ക് വ്യക്തിപരമായി എത്രയും ദാനധര്‍മ്മങ്ങള്‍ എപ്പോഴും നിര്‍വഹിക്കാവുന്നതാണ്. നിര്‍വഹിക്കേണ്ടതുമാണ്. എന്നാല്‍ നിര്‍ബന്ധ ദാനം (സകാത്ത്) സമ്പന്നാവസ്ഥ കൈവന്നാല്‍ മാത്രമേ ഉള്ളൂ. പതിവായുള്ള ആവശ്യാനുസരണമുള്ള ഐച്ഛികമായ ചില്ലറ ദാനധര്‍മ്മങ്ങളും പരോപകാരവും എല്ലാവരും എപ്പോഴും ചെയ്യേണ്ടതാണ്. അതൊന്നും സകാത്തായി ഗണിക്കാവതല്ല. ''നാമവര്‍ക്കേകിയ വിഭവങ്ങളില്‍ നിന്ന് അവര്‍ അന്യര്‍ക്ക് വേണ്ടി ചെലവഴിക്കുന്നവരാണ്'' എന്ന് ഖുര്‍ആന്‍ പറഞ്ഞത് എല്ലാ സത്യവിശ്വാസികളുടെയും പതിവ് നിലപാട് എന്ന നിലയിലാണ്. അതുകൊണ്ടാണ് 2:177ല്‍ ഉദാരമായ ധനവ്യയം വളരെ വിസ്തരിച്ച് പറഞ്ഞതിന് ശേഷം വീണ്ടും സകാത്തിനെ പറ്റി പറഞ്ഞത്. ഇന്‍ഫാഖും സകാത്തും വേര്‍തിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്.

 

 

Latest News