Sorry, you need to enable JavaScript to visit this website.

യഥാര്‍ഥത്തില്‍ പ്രവാസിയെ പോക്കറ്റടിക്കുന്നത് ആരാണ്?

പ്രതിസന്ധികള്‍ക്കിടയിലെ പരക്കംപാച്ചിലില്‍ 1950 കളുടെ അന്ത്യത്തോടെയാണ് പ്രവാസമെന്ന പ്രതിഭാസം രൂപപ്പെട്ടത്. പട്ടിണി മാറ്റാന്‍ കടല്‍ കടന്നവര്‍ പിന്നീട് പട്ടണങ്ങള്‍ തന്നെ പണിതുയര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. അതോടെ പലരും സ്വപ്നസാക്ഷാല്‍കാരത്തിനുളള സ്വര്‍ണ്ണഖനിയാണ് മരുഭൂമിയെന്ന് മനസ്സിലാക്കി പ്രവാസം തെരഞ്ഞെടുത്തു.
പ്രവാസികളെ നിരീക്ഷിച്ചാല്‍ മൊത്തം മൂന്ന് തരക്കാരെ കണ്ടെത്താം  (1)പ്രവാസികളാവാന്‍ നിര്‍ബന്ധിതരായവര്‍ (2)ലക്ഷ്യ സാക്ഷാല്‍കാരങ്ങള്‍ക്ക് വേണ്ടി പ്രവാസം തെരഞ്ഞെടുത്തവര്‍(3) എങ്ങനെയൊക്കെയോ പാറിപ്പറന്ന് പ്രവാസിയായവര്‍.
ഇവരുടെയൊക്കെ കഠിനദ്ധ്വാനത്തിന്റെ കുളിര് ആസ്വദിക്കുന്നവരാണ് കേരളീയര്‍.
പൊന്‍മുട്ടയിടുന്ന താറാവായിരുന്ന പ്രവാസികള്‍ നാട്ടില്‍ സ്ഥിര താമസമാക്കുന്നതോടെ  കറവവറ്റിയ പശുവായി      പരിണമിക്കുന്ന ദയനീയ കാഴ്ചയാണ് കണ്ടു വരുന്നത്. പൂര്‍വ്വ പ്രവാസി പുനരധിവാസ ക്യാമ്പുകള്‍ക്ക് കോപ്പ് കൂട്ടേണ്ടിടത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പ്രവാസി സംഘടനകളുണ്ടായത് കൊണ്ട് അതും അവര്‍ തന്നെ ഏറ്റെടുക്കും.
നവകേരള നിര്‍മ്മാണത്തില്‍ നിസ്തുല പങ്ക് വഹിക്കുന്ന പ്രവാസി നാട്ടില്‍ എന്നല്ല വീട്ടില്‍ തന്നെ നിലനില്‍പിന്റെ കാര്യത്തില്‍ വെല്ലുവിളികള്‍ നേരിടുകയാണ്. നാട്ടില്‍ തിരിച്ചെത്തിയ പല പ്രവാസികളും പോക്കറ്റടിക്കപ്പട്ടവന്റെ പരുവത്തില്‍ പരക്കം പായുകയാണ്. പ്രവാസിയുടെ പോക്കറ്റടി ക്കുന്ന തസ്‌കരവീരന്‍ ആരെന്ന് ഇപ്പോഴും പല പ്രവാസികളും തിരിച്ചറിഞ്ഞിട്ടില്ല.
പ്രവാസിയെ പിന്തുടരുന്ന തസ്‌കര വീരനെ തിരയുകയാണ് ' സമ്പാദ്യവും നിക്ഷേപവും ' എന്ന ഗ്രന്ഥം.  കെ.വി. ഷംസുദ്ദീന്‍ രചന നിര്‍വ്വഹിച്ച ഈ പുസ്തകം ഡിസി ബുക്ക്‌സാണ് മലയാളികള്‍ക്ക് സമ്മാനിച്ചത്.
മത,സാംസ്‌കാരിക, രാഷ്ട്രീയ പാര്‍ട്ടികള്‍  ബന്ധുമിത്രാതികള്‍ ഇവരൊക്കെ കൂടിയാണ് പ്രവാസിയുടെ പോക്കറ്റടിക്കുന്നതെന്ന് പലരും വിലയിരുത്തുന്നുണ്ടെങ്കിലും സത്യം മറ്റൊന്നാണെന്ന് ഈ ഗ്രന്ഥം വ്യക്തതമാക്കുന്നു.പ്രവാസിയുടെ തിരിച്ചറിവില്ലായ്മയാണ് ഈ തസ്‌കരനെന്നാണ് പുസ്തകം പറയുന്നത്.

പ്രവാസി കടല്‍ കടന്നത് കരകയറാനാണ്

ആത്യന്തിക കരകയറ്റമെന്നത് കുടു:ബത്തിന്റേതല്ല സ്വന്തത്തിന്റേതാണെന്ന തിരിച്ചറിവില്ലാത്തതാണ് ഈ ദുരവസ്ഥയുടെ മൂലകാരണം. നാട്ടില്‍ സ്ഥിരതാമസമാകുമ്പോള്‍ അവിടെ വല്ലതും തട്ടി കൂട്ടാമെന്ന ചിന്തയാണ് പ്രവാസിക്ക് അപമാനം വരുത്തിവെക്കുന്ന വില്ലനെന്ന് ഗ്രന്ഥം സഗൗരവം ഓര്‍മ്മപ്പെടുത്തുന്നു.
ആദ്യശമ്പളം കിട്ടുന്നതോടെ തന്നെ സമ്പാദ്യത്തിനുളള നീക്കിയിരിപ്പ് തുടങ്ങിയാലേ അന്തസുളള ജീവിതം നയിക്കാന്‍ സാധ്യമാകൂ. മാത്രമല്ല ഈ തയ്യാറെടുപ്പ് നടത്തുന്നവര്‍ക്ക് ഏതാനും കാലത്തെ പ്രവാസം കൊണ്ട് മാത്രം സ്വസ്ഥമായ വിശ്രമജീവിതം തന്നെ സാധ്യമാകുമെന്ന് ഈ പുസ്തകം പ്രവാസിയെ പഠിപ്പിക്കുന്നു.
ശമ്പളത്തിന്ന് പുറമേ കടം വാങ്ങിയിട്ടും നാട്ടിലെ ആവശ്യങ്ങള്‍ തീര്‍ക്കാന്‍ കഴിയാതെ കുഴഞ്ഞിരിക്കുന്ന പ്രവാസിക്ക് എങ്ങനെ നീക്കിയിരിപ്പ് സാധ്യമാകുമെന്ന ചോദ്യത്തിന്റെ  പിടികിട്ടാ ഉത്തരമാണീ പുസ്തകം.
പ്രവാസി പതിവാക്കിയ ജീവിത ഫോര്‍മുലക്ക് ഒരു ചെറിയമാറ്റം വരുത്തിയാല്‍ മായാജാലം കണക്കെ ഇത് സാധ്യമാകുമെന്ന് ഷംസുദ്ധീന്‍ അനുഭവങ്ങള്‍ നിരത്തി വായനക്കാരെ ബോധ്യപ്പെടുത്തുന്നു.
മിക്ക പ്രവാസികളും കടകെണിയില്‍ കുടുങ്ങി കാലിട്ടടിക്കാന്‍ കാരണം പ്രദര്‍ശനപരതയെന്ന  ബാധയാണ. ്  
ഇത് സുഖപ്പെടുത്താനുളള തീവ്രയത്‌നം അടിയന്തരമായി  നടക്കണം. പ്രവാസിയുടെ അഭ്യുദയകാംക്ഷികള്‍ മുഴുവനും പ്രവാസിയെ കാര്‍ന്ന് തിന്നുന്ന ഈ വൈറസിനെ നിര്‍മ്മാര്‍ജനം ചെയ്യാന്‍ രംഗത്തിറങ്ങണമെന്നതാണ് പുസ്തകത്തിന്റെ പ്രധാന പ്രമേയം.
മിക്ക പ്രവാസികളും വൈദഗ്ധ്യം തെളിയിച്ച മേഖലയാണ് വരവൊന്നും ലഭിക്കാത്ത വീട് നിര്‍മ്മാണം. ഈ പോക്ക് തുടര്‍ന്നാല്‍ വീട് വെച്ച് വലഞ്ഞവരെ പുനരിധിവസിപ്പിക്കാന്‍ മാത്രം പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ടിവരും.
കടക്കെണിയലകപ്പെടാതെ പ്രവാസിക്ക് പണിയാവുന്ന വീടിന്റെ പ്ലാന്‍ ഈ പുസ്തകത്തിന്റെ വരികള്‍ക്കിടയിലുണ്ട്. പ്രവാസികള്‍ വീടും വാഹനവും കിനാവ് കണ്ടിരിക്കുമ്പോഴും കഴുത്തില്‍ കുരുങ്ങാന്‍ തൂങ്ങിയാടുന്ന കുടിയിറക്കമെന്ന കുരുക്കുകയര്‍ കാണാതെ പോകരുത്. നിയമങ്ങള്‍ എപ്പോള്‍ വേണമെങ്കിലും മാറിമാറിയാം. കൊടിയും വടിയുമെടുത്ത് ഇങ്ക്വിലാബ് വിളിക്കാന്‍ പറ്റിയ പ്രദേശത്തല്ല പ്രവാസിയുള്ളത്. ചട്ടിയും പെട്ടിയും പെറുക്കി പുറപ്പെടേണ്ടിവരും.  സ്വദേശിവല്‍ക്കരണം സുനാമി പോലെ പ്രവാസിയെ നക്കിത്തുടക്കുകയാണ്. ടെക്‌നോളജിയുടെ അനുസ്യൂതമായ വളര്‍ച്ച നിരന്തമായ മറ്റൊരു ഭീഷണിയാണ്. മനുഷ്യരഹിത തൊഴിലുകളാണ് ടെക് കമ്പനികള്‍ ലക്ഷ്യമിടുന്നത്. കമ്പനികളൊക്കെ നിര്‍മ്മിത ബുദ്ധിയുടെ സാധ്യത ഉപയോഗപ്പെടുത്താനുള്ള തിരക്കിലാണ്. ഓട്ടോമേഷന്‍ വ്യാപിക്കുന്നതോടെ മനുഷ്യര്‍ നിര്‍വ്വഹിക്കുന്ന പല തൊഴിലുകളും ഇല്ലാതാവും. ഇതൊക്കെ ഏത് സമയവും പ്രവാസി നേരിടേണ്ടി വരുന്ന വെല്ലുവിളിയാണ്. അത് കൊണ്ട് കൃത്യമായ പ്ലാനിംഗോടെ മാത്രമേ കാഷ് കൈകാര്യം ചെയ്യാവൂ എന്ന്  ഗ്രന്ഥകാരന്‍ സ്‌നേഹബുദ്ധിയോടെ ഓര്‍മപ്പെടുത്തുന്നു.
രണ്ട് ഭാഗങ്ങളായി തിരിച്ച ഗ്രന്ഥത്തിന്റെ താളുകള്‍ താളം തെറ്റാതെയുളള ജീവിതം ചിട്ടപ്പെടുത്തി തരുന്നുണ്ട്. പുരാതന, പരിഷ്‌കൃത സമ്പാദ്യ പദ്ധതികളിലെ കോട്ട നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്ന ഈ പുസ്തകം   സാമ്പത്തിക പുരോഗതി സ്വപ്നം കാണുന്ന ഏതൊരാള്‍ക്കും  പ്രയോജനം ചെയ്യും.
നവകേരള നിര്‍മ്മിതിയിലെ ഗള്‍ഫുകാരുടെ പങ്ക് കൃത്യമായി അടയാളപ്പെടുത്തുന്ന ഗ്രന്ഥം സര്‍ക്കാറുകള്‍ ഗള്‍ഫുകാരന്റെ പുരോഗതിക്ക് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ പ്രഹസനം മാത്രമാണോ എന്ന് ആശങ്കപ്പെടുന്നു. തിരിച്ചു വരുന്ന പ്രവാസികളെ എങ്ങനെയൊക്കെ സര്‍ക്കാരുകള്‍ക്ക് ഉപയോഗപ്പെടുത്താമെന്നും ഗ്രന്ഥം സൂചന നല്‍കുന്നുണ്ട്.
പ്രവാസിതിരിച്ച് പോയാല്‍ ജീവിക്കാനുളള സംവിധാനം, കിടപ്പാടം, മക്കളുടെ വിദ്യഭ്യാസം, മാതാപിതാക്കളുടെ സംരക്ഷണത്തിനുള്ള സംവിധാനം. ഇത് നാലും നേടിയാല്‍ പ്രവാസം ധന്യമായി എന്ന് ഈഗ്രന്ഥം  വിലയിരുത്തുകയും അതിനുളള വഴികള്‍ പറഞ്ഞു തരികയും ചെയ്യുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News