കോഴിക്കോട് - ശസ്ത്രക്രിയയ്ക്കിടയില്‍ വയറ്റില്‍ കുടുങ്ങിയ കത്രികയുമായി അഞ്ച് വര്‍ഷം വേദന തിന്ന് കഴിയേണ്ടി വന്ന തന്നെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞ് പറ്റിച്ചെന്ന് ഹര്‍ഷിന. ഇതില്‍ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സമരം തുടങ്ങാന്‍ തീരുമാനിച്ചിരിക്കുകയാണ് അടിവാരം സ്വദേശിനിയായ ഇവര്‍. പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക വെച്ചുമറന്ന സംഭവത്തില്‍ നീതി തേടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുമ്പില്‍ കഴിഞ്ഞ മാര്‍ച്ച് 3 മുതല്‍ ഹര്‍ഷിന സത്യഗ്രഹ സമരം നടത്തിയിരുന്നു. സമരം ആറ് ദിവസം പിന്നിട്ടപ്പോള്‍ കോഴിക്കോട്ടെത്തിയ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഹര്‍ഷിനയെ കാണാനെത്തി. രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കുമെന്ന മന്ത്രിയുടെ ഉറപ്പില്‍ ഹര്‍ഷിന സമരം അവസാനിപ്പിക്കുകയായിരുന്നു. ഹര്‍ഷിനക്ക് സംഭവിച്ചത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്നും ഹര്‍ഷിനയുടേത് ന്യായമായ ആവശ്യമാണെന്നും ആരോഗ്യ മന്ത്രി അന്ന് പറഞ്ഞിരുന്നു. ഹര്‍ഷിനയുടെ വേദന സര്‍ക്കാര്‍ ഉള്‍ക്കൊള്ളുന്നുവെന്നും യുവതിക്ക് നീതി ലഭിക്കുമെന്നും മന്ത്രി വീണാ ജോര്‍ജ് ഉറപ്പു നല്കി. എന്നാല്‍ മന്ത്രി തന്ന ഉറപ്പുകളൊന്നും ഇത് വരെ പാലിച്ചില്ലെന്നും ആരോഗ്യ മന്ത്രിയുടെ ഓഫീസിലേക്ക് നേരിട്ട് വിളിച്ചപ്പോഴും മറുപടിയില്ലെന്നും ഹര്‍ഷിന പറയുന്നു. ഇതേ തുടര്‍ന്നാണ് വീണ്ടും സമരത്തിന് ഒരുങ്ങുന്നത്.
2017ലാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ യുവതിക്ക് സിസേറിയന് നടന്നത്. അന്നാണ് വയറ്റിനുള്ളില്‍ കത്രിക കുടുങ്ങിയതെന്നാണ് ഹര്‍ഷിന പറയുന്നത്. എന്നാല്‍ വയറ്റില്‍ കുടുങ്ങിയ കത്രിക മെഡിക്കല്‍ കോളേജിലേതല്ലെന്നാണ് വിദഗ്ധ സമിതി നല്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രിയിലെ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ പരിശോധിച്ചതില്‍ കത്രിക നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടില്ല. ഇതിനു മുമ്പ് യുവതിക്ക് 2012ലും 2016ലും സിസേറിയന് നടത്തിയത് താമരശേരി ആശുപത്രിയിലാണ്. ആ കാലഘട്ടത്തില്‍ ഇന്‍സ്ട്രമെന്റല്‍ റജിസ്റ്റര്‍ ഇല്ലാത്തതിനാല്‍ കത്രിക കുടുങ്ങിയത് എവിടെ നിന്നാണെന്ന് മെഡിക്കല്‍ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലുണ്ട്. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയില്‍ നടത്തിയ സ്കാനിംഗില്‍ വയറ്റില്‍ കത്രിക കണ്ടെത്തിയതും മെഡിക്കല്‍ കോളേജില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തതും. നീതി തേടി പല തവണ ആരോഗ്യ വകുപ്പ് ഓഫീസുകള്‍ കയറിയിറങ്ങിയിട്ടും നടപടിയുണ്ടാകത്തതിനെ തുടര്‍ന്നാണ് സത്യഗ്രഹം നടത്തിയിരുന്നത്.