മുസാഫർനഗർ- 19 വർഷങ്ങൾക്ക് ശേഷം അച്ഛന്റെ അതേ ബറ്റാലിയനിൽ ലഫ്റ്റനന്റായി മകൻ. 1999 ജൂൺ 12ന് രാത്രി കാർഗിൽ യുദ്ധത്തിലായിരുന്നു ബച്ചൻ സിംഗ് രക്തസാക്ഷിയായത്. ബച്ചൻ മരിക്കുമ്പോൾ മകൻ ഹിതേഷിന് പ്രായം 6. വർഷങ്ങൾക്കിപ്പുറം അഭിമാനത്തോടെ തന്നെ അച്ഛൻ ജോലി ചെയ്ത അതേ ബറ്റാലിയനിൽ ഹിതേഷ് ലഫ്റ്റനന്റായി ജോലിയിൽ പ്രവേശിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ കഴിഞ്ഞ ദിവസം നടന്ന പാസിംഗ് ഔട്ട് പരേഡിൽ ഹിതേഷ് ഔദ്യോഗികമായി സേനയുടെ ഭാഗമായി. പിന്നാലെ ഹിതേഷ് സിവിൽ ലൈനിലുള്ള അച്ഛന്റെ സ്മൃതി മണ്ഡപത്തിൽ ആദരാഞ്ജലികൾ അർപ്പിച്ചു.
ഇന്ത്യൻ ആർമിയിൽ ചേരുകയെന്നത് തന്റെയും അമ്മയുടേയും സ്വപ്‌നമായിരുന്നുവെന്ന് ഹിതേഷ് പറഞ്ഞു. ഇനി അഭിമാനത്തോടെയും സത്യസന്ധമായും രാജ്യത്തെ സേവിക്കാം- അദ്ദേഹം വ്യക്തമാക്കി.
ഭർത്താവില്ലാതെ രണ്ട് ആൺമക്കളെ വളർത്തി വലുതാക്കാനാണ് അമ്മയായ താൻ ശ്രമിച്ചത്. ഹിതേഷ് ആർമിയുടെ ഭാഗമായതിൽ അഭിമാനമുണ്ട്. ഇളയ സഹോദരൻ ഹേമന്തും ആർമിയിൽ ചേരാൻ ഒരുങ്ങുകയാണ്- അമ്മ കമല ബാല പറഞ്ഞു. ഇതിൽ കൂടുതൽ ഒന്നും താൻ അവരിൽ നിന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
കാർഗിൽ മേഖലയിലെ ടോലോലിംഗിൽ പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിലാണ് ബച്ചൻ അടക്കം 17 സൈനീകർ വീരമൃത്യു വരിച്ചത്. മൂന്നാഴ്ചയോളം നീണ്ട പോരാട്ടത്തിൽ 100 ഓളം സൈനികരാണ് ഇവിടെ രക്തസാക്ഷികളായത്. ബറ്റാലിയനിലെ സെക്കന്റ് കമാൻഡ് അടക്കം മരണമടഞ്ഞിരുന്നു.