Sorry, you need to enable JavaScript to visit this website.

യെദ്യൂരപ്പയുടെ വീട് ബഞ്ചാര സമുദായക്കാര്‍ ആക്രമിച്ചു; കല്ലേറിലും ലാത്തിചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്ക്

ശിവമോഗ- കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പയുടെ ശിക്കാരിപുരയിലെ വീട് ബഞ്ചാര സമുദായാംഗങ്ങള്‍ ആക്രമിച്ചു. സംവരണത്തിനെതിരായ പ്രതിഷേധത്തിനിടെ കല്ലേറിലും അക്രമത്തിലും ചില പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. അക്രമ സംഭവങ്ങളെ തുടര്‍ന്ന്
സി.ആര്‍.പി.സി സെക്ഷന്‍ 144 പ്രകാരം നഗരത്തില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. സ്ത്രീകളുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തി ചാര്‍ജ് നടത്തി. ലമാനി, ലംബാനി എന്നിങ്ങനെ അറിയപ്പെടുന്ന ബഞ്ചാര സമുദായത്തിലെ ചിലര്‍ക്കും  പരിക്കേറ്റിട്ടുണ്ട്.
ജസ്റ്റിസ് എ. ജെ സദാശിവ കമ്മീഷന്‍ ശുപാര്‍ശ ചെയ്ത പ്രകാരം  സംവരണം നടപ്പാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ബഞ്ചാര സമുദായാംഗങ്ങള്‍ ശിവമോഗ ജില്ലയിലെ യെദ്യൂരപ്പയുടെ വസതിക്ക് നേരെ അക്രമവും കല്ലേറും നടത്തുകയായിരുന്നു. കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള നിര്‍ദേശം  കേന്ദ്രത്തിന് അയക്കാനായിരുന്നു സര്‍ക്കാര്‍ തീരുമാനം. ഇതില്‍  പ്രതിഷേധിച്ച്  മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മുന്‍ മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെയും പോസ്റ്ററുകള്‍ കത്തിച്ചു. സംവരണ വര്‍ഗ്ഗീകരണം നടപ്പാക്കിയ രീതി സമുദായത്തെ ചൊടിപ്പിച്ചിരുന്നു. യെദ്യൂരപ്പയുടെ വസതിയിലേക്ക് ഇരച്ചുകയറാന്‍ ശ്രമിച്ച പ്രതിഷേധക്കാരെ  പോലീസ് ലാത്തി വീശി ഓടിച്ചു. ബഞ്ചാര സമുദായം പട്ടികവര്‍ഗ സമുദായത്തില്‍ ആഭ്യന്തര സംവരണം ആവശ്യപ്പെട്ടിരുന്നു. അതിനിടെ ശിക്കാരിപൂരില്‍ മുന്‍ മുഖ്യമന്ത്രിയുടെ വസതിക്ക് നേരെ കല്ലേറ് നടത്തിയ പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ചൂരല്‍ പ്രയോഗിച്ചതോടെയാണ്  പ്രതിഷേധം അക്രമാസക്തമായതെന്ന് പറയുന്നു.
ശിക്കാരിപൂര്‍ താലൂക്കില്‍ 68 ബഞ്ചാര (ലംബാനി) ആവാസകേന്ദ്രങ്ങള്‍ (തണ്ടകള്‍) ഉണ്ട്. 3450 തണ്ടകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗങ്ങളിലെ മൂന്നാമത്തെ വലിയ ഉപവിഭാഗമാണ് ബഞ്ചാരകള്‍ (ലംബാനി). ബൊമ്മൈ സര്‍ക്കാര്‍ അടുത്തിടെ പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള സംവരണം 15 ശതമാനത്തില്‍  നിന്ന് 17 ശതമാനം ആയി ഉയര്‍ത്തി. 42 അസംബ്ലി മണ്ഡലങ്ങളില്‍  ഈ വിഭാഗത്തിന്  കാര്യമായ സാന്നിധ്യമുണ്ടെന്നും തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ കഴിയുമെന്നും സമുദായ നേതാക്കള്‍ പറയുന്നു.

 

 

Latest News