Sorry, you need to enable JavaScript to visit this website.

ബി.ജെ.പിയെ ഒതുക്കാൻ ബി.എസ്.പിയുമായി  പരമാവധി സഹകരിക്കും -അഖിലേഷ് യാദവ് 

ന്യൂദൽഹി-2019 ലെ പൊതു തിരഞ്ഞെടുപ്പിൽ ബി ജെ പിയെ പരാജയപ്പെടുത്താൻ ബി എസ് പി ക്ക് സീറ്റുകൾ നൽകാൻ തയ്യാറാണെന്ന് സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. പാർട്ടിയുടെ ചില സീറ്റുകൾ ബി.എസ്.പിക്ക് വിട്ടുനൽകാൻ തയാറാണെന്ന് അഖിലേഷ് വ്യക്തമാക്കി. മെയിൻപുരിയിൽ നടന്ന പാർട്ടി പൊതുയോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.എസ്.പിയുമായി സഖ്യം രൂപീകരിച്ചിട്ടുണ്ട്. ആ സഹകരണം തുടരാനാണ് ആഗ്രഹം. രണ്ടോ നാലോ സീറ്റുകൾ ബി.എസ്.പിക്ക് വിട്ടുകൊടുക്കാനും തയാറാണ്. ബി.എസ്.പിയുമായി ചേർന്ന് ബി.ജെ.പിയെ പരാജയപ്പെടുത്തുമെന്നും അഖിലേഷ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ബി.ജെ.പിയെ തകർക്കുകയെന്ന ലക്ഷ്യം വെച്ച് വിവിധ പാർട്ടികൾ മഹാ സഖ്യം രൂപീകരിക്കണം. നാമെങ്ങനെ സഖ്യത്തിലാകും എന്നാണ് അവർ അത്ഭുതപ്പെടുന്നത്. എന്നാൽ നാം ഒരുമിച്ച് പ്രവർത്തിച്ച് ബി.ജെ.പിയെ തകർക്കുമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.
കഴിഞ്ഞ കൈരാന, ഗൊരഖ്പൂർ, ഫൂൽപൂർ ഉപതെരഞ്ഞെടുപ്പുകളിൽ സഖ്യം വിജയം നേടിയിരുന്നു. ഈ കൂട്ടുകെട്ട് എത്രകാലം തുടരുമെന്നതായിരുന്നു സംശയം. എന്നാൽ എന്ത് ത്യാഗം സഹിച്ചും സഖ്യം തുടരുമെന്നതിന്റെ സൂചനയാണ് അഖിലേഷ് നൽകിയത്. ഉപതിരഞ്ഞെടുപ്പുകളിലെ വിജയം 2019ലും ആവർത്തിക്കും. തങ്ങൾ വിജയിച്ചാൽ ആഗ്ര-ലക്‌നൗ ഹൈവേയിൽ കർഷകരോട് ടോൾ നികുതി വാങ്ങുന്നത് അവസാനിപ്പിക്കും. യോഗി ആദിത്യനാഥ് പ്രചാരണം നടത്തിയ എല്ലാ ഉപതിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് സീറ്റ് നഷ്ടപ്പെട്ടുവെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി. അതേസമയം, തങ്ങൾക്ക് കൃത്യമായ എണ്ണം സീറ്റുകൾ ലഭിച്ചാൽ മാത്രമേ മറ്റ് പാർട്ടികളുമായി സഖ്യത്തിന് തയ്യാറാകൂ എന്ന് ബി.എസ്.പി നേതാവ് മായാവതി വ്യക്തമാക്കിയിരുന്നു. മായാവതിയുടെ പ്രസ്താവനയോടെ നിലനിന്ന രാഷ്ട്രീയ പ്രതിസന്ധിക്കാണ് ഇപ്പോൾ അയവ് വന്നിരിക്കുന്നത്.


 

Latest News