ന്യൂദൽഹി- ഗുജറാത്ത് കൂട്ട മാനഭംഗ കേസിലെ പതിനൊന്നു പ്രതികളെ മോചിപ്പിച്ചതിന് എതിരെ സുപ്രീം കോടതിയിൽ നൽകിയ ഹരജി പരിഗണിക്കുന്നതിനിടെ നടന്നത് രൂക്ഷമായ വാദപ്രതിവാദം. വൈകാരികമായ ഹർജികൾക്ക് നിയമസാധുതയില്ല എന്ന് പ്രതികളുടെ അഭിഭാഷകൻ ഋഷി മൽഹോത്ര ചൂണ്ടിക്കാട്ടിയപ്പോൾ അതിക്രൂരമായ ഈ കേസിന്റെ വൈകാരിക വശങ്ങളല്ല, മറിച്ച് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പരിഗണിക്കുന്നതെന്ന് ജസ്റ്റീസ് കെ.എം ജോസഫ് വ്യക്തമാക്കി. കൂട്ട മാനഭംഗക്കേസിലെ പ്രതികളെ വെറുതി വിട്ടതിനെതിരേ നൽകിയ ഹർജികളിൽ വിശദമായ വാദം കേൾക്കേണ്ടതുണ്ടെന്നും കോടതി തിങ്കളാഴ്ച വ്യക്തമാക്കി. കേന്ദ്ര സർക്കാരിനു പുറമേ ഗുജറാത്ത് സർക്കാരിനും മോചനം ലഭിച്ച പ്രതികൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടുണ്ട്. അടുത്ത തവണ കേസ് പരിഗണിക്കുമ്പോൾ പ്രതികളെ മോചിപ്പതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും ഹാജരാക്കണമെന്നും ഗുജറാത്ത് സർക്കാരിന് നിശ്ചയിച്ചു.
വിചാരണക്കോടതി ജഡ്ജിയും സി.ബി.ഐയും പ്രതികളുടെ മോചനത്തെ എതിർത്തിരുന്നു എന്ന്് സുഭാഷിണി അലിക്കും മുതിർന്ന പത്രപ്രവർത്തക രേവതി ലൗളിനും ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമയ്ക്കും വേണ്ടി ഹാജരായ വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. നേരത്തെ ശിക്ഷയോടൊപ്പം വിധിച്ച പിഴ തുക ഒടുക്കിയിട്ടാല്ലത്തതിനാൽ അതിനു പകരമുള്ള തടവ് ശിക്ഷ അനുഭവിക്കേണ്ടതുണ്ടെന്നും വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി. എന്നാൽ, പ്രതികൾ ഇതിനോടകം തന്നെ പതിനഞ്ചു വർഷം തടവിൽ കഴിഞ്ഞു എന്നായിരുന്നു കേന്ദ്രത്തിന്റെ വാദം.
പ്രതികളെ മോചിപ്പിച്ചതുമായി എല്ലാ രേഖകളും ഹാജരാക്കാൻ ഗുജറാത്ത് സർക്കാരിന് നിർദേശവും നൽകി. പ്രതികളുടെ ശിക്ഷ കാലാവധി പൂർത്തിയാകുന്നതിന് മുമ്പേ മോചിപ്പിച്ചതിനെതിരേ ബിൽക്കിസ് ബാനു നൽകിയ ഹർജിയിലാണ് ജസ്റ്റീസുമാരായ കെ.എം ജോസഫ്, ബി.വി നാഗരത്‌ന എന്നിവർ ഉൾപ്പെട്ട സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചത്. ഈ കേസിനെ ഒരിക്കലും വികാരത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കില്ലെന്നും നിയമത്തിന്റെ അടിസ്ഥാനത്തിൽ മാത്രമേ പരിഗണിക്കുകയുള്ളൂ എന്നും കോടതി വ്യക്തമാക്കി.
നിരവധി കൊലക്കേസുകളിലെ പ്രതികൾ മോചനം ലഭിക്കാതെ വർഷങ്ങളോളം തടവിൽ കഴിയുന്നതുമായി ബന്ധപ്പെട്ട കേസുകൾ സുപ്രീംകോടതിയുടെ പരിണനയിലുണ്ട്. പ്രസ്തുത കേസിൽ പ്രതികളെ മോചിപ്പിച്ചത് സമാന കേസുകളിൽ സമീപിച്ച സാധാരണ നടപടികളുടെ അടിസ്ഥാനത്തിൽ തന്നെയാണോ എന്നായിരുന്നു ജസ്റ്റീസ് കെ.എം ജോസഫ് ചോദിച്ചത്. ബിൽക്കീസ് ബാനുവിന്റേത് അടക്കം പ്രതികളെ മോചിപ്പിച്ചതിനെതിരേ നൽകിയ ഒരു കൂട്ടം ഹർജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിൽ ഉള്ളത്. തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്ര, സിപിഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവരും പ്രതികളുടെ മോചനത്തിനെതിരേ ഹർജി നൽകിയിട്ടുണ്ട്. കേസ് വീണ്ടും ഏപ്രിൽ 18ന് പരിഗണിക്കും.
കഴിഞ്ഞ ഓഗസ്റ്റ് പതിനഞ്ച് സ്വാതന്ത്ര്യ ദിനത്തിലാണ് കൂട്ട മാനഭംഗ കേസിലെ പതിനൊന്നു പ്രതികളെ ഗുജറാത്ത് സർക്കാർ മോചിപ്പിച്ചത്. പ്രതികളെ മോചിപ്പിച്ചത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. 2002ലെ ഗുജറാത്ത് കലാപത്തിനിടെ അഞ്ച് മാസം ഗർഭിണിയായ 19കാരി ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും കുടുംബത്തിലെ 14 പേരെ കൊലപ്പെടുത്തുകയും ചെയ്തതാണ് കേസ്. 2008ൽ കേസിലെ പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയ മുബൈയിലെ പ്രത്യേക സിബിഐ കോടതി ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. 2017 ൽ മുംബൈ ഹൈക്കോടതി വിധി ശരിവയ്ക്കുകയും ചെയ്തു. കേസിന്റെ സുഗമമായ വിചാരണയ്ക്ക് വേണ്ടിയാണ് മുംബൈ ഹൈക്കോടതിയിലേക്കു മാറ്റിയത്.
അതിനിടെയാണ് ഗുജറാത്ത് സർക്കാർ സംഘടിപ്പിച്ച പരിപാടിയിൽ ബി.ജെ.പി എം.പിക്കും എം.എൽ.എയ്ക്കുമൊപ്പം വേദി പങ്കിട്ട് ബിൽക്കിസ് ബാനു കൂട്ടബലാത്സംഗക്കേസിലെ പ്രതിയും പ്രത്യക്ഷപ്പെട്ടത്. ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാളാണ് ബിജെപി നേതാക്കൾക്കൊപ്പം പരിപാടിയിൽ പങ്കെടുത്തത്. സർക്കാരിന്റെ ജല വിതരണ പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ബലാത്സംഗ കേസിലെ പ്രതി പങ്കെടുത്തത്. മാർച്ച് 25 ന് ദഹോദ് ജില്ലയിലെ കർമാഡി വില്ലേജിലാണ് ജലവിതരണ പദ്ധതി പരിപാടി നടന്നത്. ദാഹോദ് എംപി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എംഎൽഎ ശൈലേഷ് ഭാഭോറിനും ഒപ്പമാണ് ശൈലേഷ് ചിമൻലാൽ ഭട്ട് വേദി പങ്കിട്ടത്. ശൈലേഷ് ചിമൻലാൽ ഭട്ട് പരിപാടിയിൽ ഇവർക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും പൂജയിൽ പങ്കെടുക്കുന്നതിന്റെയും ദൃശ്യങ്ങളും പുറത്തു വന്നിരുന്നു. സംഭവത്തിൽ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയിത്ര രംഗത്തുവന്നു. ഈ രാക്ഷസന്മാരെ തിരികെ ജയിലേയ്ക്കയക്കണം എന്നിട്ടാ താക്കോൽ വലിച്ചെറിയണം. നീതിയ്ക്കെതിരെയുള്ള പരിഹാസത്തെ പിന്തുണയ്ക്കുന്ന പൈശാചിക സർക്കാരിനെ താഴെയിറക്കണം. ഇന്ത്യയുടെ ധാർമികത തിരിച്ചുകൊണ്ട് വരണമെന്നായിരുന്നു മഹുവ മൊയ്ത്ര ട്വിറ്ററിൽ പ്രതികരിച്ചത്.