ന്യൂദൽഹി- രാഹുൽ ഗാന്ധിയോട് ഔദ്യോഗിക വസതി ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാഹുൽ ഗാന്ധിക്ക് എം.പിയെന്ന നിലയിൽ അനുവദിച്ച തുഗ്ലക്ക് ലെയ്ൻ ബംഗ്ലാവ് ഒഴിയാൻ നിർദ്ദേശിച്ചുവെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. അപകീർത്തിക്കേസിൽ ഗുജറാത്ത് കോടതി രണ്ട് വർഷത്തെ തടവിന് ശിക്ഷിച്ചതിനെ തുടർന്ന് പാർലമെന്റിൽ നിന്ന് അയോഗ്യനാക്കിയതിന് രണ്ട് ദിവസത്തിന് ശേഷമാണ് ലോക്‌സഭാ ഹൗസിംഗ് പാനലിൽ നിന്ന് ഒഴിപ്പിക്കൽ നോട്ടീസ് വന്നുവെന്ന് വാർത്ത പുറത്തുവന്നത്. ഗുജറാത്ത് കോടതിയുടെ വിധിക്കെതിരെ രാഹുൽ ഗാന്ധി അപ്പീൽ നൽകുമെന്ന കോൺഗ്രസ് വാദത്തിനിടെ, തങ്ങൾക്ക് നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
'ഇസഡ് പ്ലസ്' സുരക്ഷയുള്ളതിനാൽ സർക്കാർ നൽകുന്ന താമസത്തിന് രാഹുൽ ഗാന്ധി അർഹനാണ്. വീട് ഒഴിയാൻ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സാങ്കേതികം മാത്രമായിരിക്കുമെന്നും കോൺഗ്രസ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടി.
അതേസമയം,രാഹുൽ ഗാന്ധി അയോഗ്യനാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം ശക്തമായി തുടരുന്നു. പാർലമെന്റിലും പ്രതിഷേധം തുടർന്നതോടെ ഇരുസഭകളും പിരിഞ്ഞു. അദാനി ഹിൻഡൻബർഗ് വിവാദത്തിൽ പ്രധാനമന്ത്രിക്കെതിരെയും ബി.ജെ.പിക്കെതിരെയും കടുത്ത വിമർശനമുന്നയിച്ച രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള നടപടിയാണ് ഇപ്പോൾ നടക്കുന്നതെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
ഇത്ര ദിവസവും പ്രതിഷേധത്തിൽനിന്ന് വിട്ടുനിന്ന തൃണമൂൽ കോൺഗ്രസ് അടക്കം പിന്തുണയറിയിച്ച് രംഗത്തെത്തി. പ്രതിഷേധം സംഘടിപ്പിക്കാനുള്ള പ്രതിപക്ഷ യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പങ്കെടുത്തു. എം.പിമാരായ പ്രസുൻ ബാനർജിയും ജവഹർ സർക്കാരുമാണ് യോഗത്തിൽ പങ്കെടുത്തത്. രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ ഈ ജനാധിപത്യ വിരുദ്ധ നടപടിക്കെതിരെ പ്രതിപക്ഷം ഒറ്റക്കെട്ടായി പോരാടണമെന്നാണ് തൃണമൂൽ കോൺഗ്രസിന്റെ നിലപാടെന്ന് അവർ പറഞ്ഞു.
പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിന്റെ എതിരാളികളിൽ പ്രധാനപ്പെട്ടവരാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയെ പുറത്താക്കിയതിൽ ആദ്യം പ്രതിഷേധമൊന്നും അറിയിച്ചില്ലെങ്കിലും പിന്നീട് അദ്ദേഹത്തിനു പിന്തുണയുമായി തൃണമൂൽ എത്തുകയായിരുന്നു. പ്രതിപക്ഷ പാർട്ടികളിലുള്ള നേതാക്കളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുകയാണ് നരേന്ദ്രമോദിയെന്നു പാർട്ടി അധ്യക്ഷ മമത ബാനർജി പ്രതികരിച്ചത്. ക്രിമിനൽ പശ്ചാത്തലമുളള ബി.ജെ.പി നേതാക്കളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമ്പോൾ പ്രതിപക്ഷ നേതാക്കളെ അവർ നടത്തിയ പ്രസംഗത്തിന്റെ പേരിൽ അയോഗ്യരാക്കുന്നു. ജനാധിപത്യം തകരുന്നതിന് നാമെല്ലാവരും സാക്ഷിയാവുകയാണെന്നും മമത കൂട്ടിച്ചേർത്തു.
തൃണമൂലിന്റെ ഈ തീരുമാനത്തെ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ സ്വാഗതം ചെയ്തു. ജനാധിപത്യത്തെ സംരക്ഷിക്കാനായി മുന്നോട്ടുവരുന്ന എല്ലാവരെയും സ്വാഗതം ചെയ്യുമെനനും അദ്ദേഹം കൂട്ടിച്ചേർത്തു. കെ ചന്ദ്രശേഖര റാവുവിന്റെ ഭാരത് രാഷ്ട്ര സമിതിയും എംപിമാരുടെ കറുപ്പണിഞ്ഞുള്ള പ്രതിഷേധത്തിൽ പങ്കെടുത്തു. തെലങ്കാനയിൽ കോൺഗ്രസിന്റെ പ്രധാന എതിരാളിയാണ് ബിആർഎസ്. ഉദ്ദവ് താക്കെറെക്കൊപ്പമുള്ള ശിവസേന പക്ഷവും കോൺഗ്രസിനൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തു. എന്നാൽ വാർത്താ സമ്മേളനത്തിനിടെ സവർക്കറെ വിമർശിച്ചതിൽ ശിവസേന അതൃപ്തി അറിയിച്ചിരുന്നു. സവർക്കറെ വിമർശിക്കുന്നത് പ്രതിപക്ഷത്തിൽ വിള്ളലുണ്ടാക്കുമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം. ഇന്ത്യൻ നാഷണൽ കോൺഗ്രസ്, ദ്രാവിഡ മുന്നേറ്റ കഴകം, സമാജ് വാദി പാർട്ടി, ഭാരതീയ രാഷ്ട്ര സമിതി, സി.പി.എം, ആർ.ജെ.ഡി, സി.പി.ഐ, ഇന്ത്യൻ യൂണിയൻ മുസ്്‌ലിം ലീഗ്, എ.ഡി.എം.കെ, തൃണമൂൽ കോൺഗ്രസ്, ശിവസേന ഉൾപ്പെടെ പതിനേഴ് പ്രതിപക്ഷ പാർട്ടികളാണ് ഇതിനെതിരെ പ്രതിഷേധിക്കുന്നത്.
അതിനിടെ, രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരെ ഡൽഹിയിൽ യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷമുണ്ടായി. ജന്ദർമന്ദറിൽ വച്ച് പോലീസ് മാർച്ച് തടഞ്ഞതോടെയാണ് സംഘർഷത്തിലേക്ക് തിരിഞ്ഞത്. ഷാഫി പറമ്പിലുൾപ്പെടെ യൂത്ത് കോൺഗ്രസ് നേതാക്കളെയും, പ്രവർത്തകരെയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ബാരിക്കേഡ് മറികടന്ന പ്രവർത്തകരെ പോലീസ് ബലം പ്രയോഗിച്ച് നീക്കുകയായിരുന്നു.