Sorry, you need to enable JavaScript to visit this website.

രാഹുൽ ഗാന്ധിയുടെ ഇഫ്താറിൽ  പ്രണബിന് ക്ഷണമില്ല 

ന്യൂദൽഹി- മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആർഎസ്എസ് ആസ്ഥാന സന്ദർശനം രാജ്യത്തൊട്ടാകെ വൻ വിവാദമാണുണ്ടാക്കിയത്. മതനിരപേക്ഷവാദികളും കോൺഗ്രസ് പ്രവർത്തകരും ഒന്നടങ്കം പ്രണബിന്റെ സന്ദർശനത്തെ എതിർത്തിരുന്നു. കോൺഗ്രസ് ഹൈക്കമാൻഡിന് ഈ വിഷയത്തിൽ കടുത്ത എതിർപ്പുമുണ്ടായിരുന്നു. ഇപ്പോഴിതാ അത് പരസ്യമായിരിക്കുകയാണ്. രാഹുൽ ഗാന്ധി  നാളെ നടത്തുന്ന ഇഫ്താർ ചടങ്ങിലേക്ക് പ്രണബിനെ ക്ഷണിച്ചിട്ടില്ല. ആർഎസ്എസിന്റെ പരിപാടിയിൽ പങ്കെടുത്തത് കൊണ്ട് പ്രണബിനെ വിളിക്കേണ്ടതില്ലെന്നാണ് രാഹുലിന്റെ അഭിപ്രായമെന്നാണ് വിലയിരുത്തൽ.  അതേസമയം രാജ്യത്തെ പ്രമുഖ നേതാക്കൾ പങ്കെടുക്കുന്ന ഇഫ്താറാണിത്. മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിയെയും അരവിന്ദ് കെജ്‌രിവാളിനെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ല. എന്നാൽ കോൺഗ്രസിലെ മുതിർന്ന നേതാവായ പ്രണബിനെ വിളിക്കാത്തതിൽ ചില നേതാക്കൾക്ക് എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്.
പ്രണബ് കോൺഗ്രസിനും മുകളിൽ വളരാൻ ശ്രമിക്കുന്നുവെന്ന പരാതി രാഹുലിനുണ്ട്. അതുകൊണ്ട് അദ്ദേഹത്തെ പാർട്ടിയിൽ ഒറ്റപ്പെടുത്താനാണ് രാഹുൽ ശ്രമിക്കുന്നത്. രാഹുലിന്റെ നേതൃപാടവത്തിൽ പ്രണബിനും എതിർപ്പുണ്ട്. ഇരുവരും തമ്മിലുള്ള പ്രശ്‌നമാണ് ഇപ്പോൾ ഇഫ്താർ പാർട്ടിയിലെത്തി നിൽക്കുന്നത്. എന്തുകൊണ്ടാണ് പ്രണബിനെ ഇഫ്താർ ചടങ്ങിൽനിന്ന് ഒഴിവാക്കിയതെന്ന് രാഹുൽ ഇതുവരെ വിശദീകരിച്ചിട്ടില്ല. ദില്ലിയിലെ താജ് ഹോട്ടലിലാണ് ഇഫ്താർ സംഘടിപ്പിക്കുന്നത്.
രാഹുലിന്റെ ഇഫ്താർ വളരെയേറെ രാഷ്ട്രീയ പ്രാധാന്യം കൂടിയുള്ളതാണ്. പ്രതിപക്ഷ നേതാക്കളെ ചടങ്ങിലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. നേരത്തെ 2015ലും കോൺഗ്രസ് ഇത്തരമൊരു ഇഫ്താർ ചടങ്ങ് സംഘടിപ്പിച്ചിരുന്നു. അതേസമയം രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാഷ്ട്രപതി ഭവനിൽ ഇത്തവണ ഇഫ്താർ ചടങ്ങുകൾ സംഘടിപ്പിക്കില്ലെന്ന് വ്യക്തമാക്കിയതോടെയാണ് കോൺഗ്രസ് തിടുക്കത്തിൽ ഇഫ്താർ നടത്താൻ തീരുമാനിച്ചത്. മുതിർന്ന പ്രതിപക്ഷ നേതാക്കളെ വിളിച്ചിട്ടും പ്രണബിനെ വിളിക്കാതിരുന്നത് അദ്ദേഹത്തെ അപമാനിക്കുന്നതിന് തുല്യമാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ ഉയർന്നിട്ടുണ്ട്.
ആർഎസ്എസ് ആസ്ഥാന സന്ദർശനമാണ് പ്രണബിനെ ഇഫ്താറിന് ക്ഷണിക്കാതിരുന്നതിന് കാരണമെന്നാണ് സൂചന. കോൺഗ്രസിന്റെ മതേതര മുഖത്തിന് മങ്ങലേൽപ്പിച്ച പ്രണബിനെ ഇഫ്താർ ചടങ്ങിലേക്ക് ക്ഷണിക്കുന്നത് ശരിയല്ലെന്നും രാഹുൽ സൂചിപ്പിക്കുന്നു. ഇക്കാര്യം അദ്ദേഹം പാർട്ടി നേതാക്കളെ ബോധിപ്പിക്കുകയും ചെയ്തു. സോണിയാ ഗാന്ധിക്കും എതിർപ്പുണ്ടെന്നാണ് റിപ്പോർട്ട്. കെജ്‌രിവാളിന് തിരക്കുള്ളത് കൊണ്ട് അദ്ദേഹത്തെ പരിപാടിയിൽനിന്ന് ഒഴിവാക്കിയതെന്നാണ് സൂചന.
  പ്രണബ് ബിജെപിയും ആർഎസ്എസുമായി കൂടുതൽ അടുക്കുന്നുണ്ടെന്ന് രാഹുലിന് സൂചന ലഭിച്ചിട്ടുണ്ട്. എന്നാൽ ഇതിൽ വാസ്തവമില്ലെന്ന് പ്രണബുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിച്ചിരുന്നു. എന്നാൽ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് ഭൂരിപക്ഷം ലഭിക്കാതെ വന്നാൽ ആർഎസ്എസ് പ്രണബ് മുഖർജിയെ പ്രധാനമന്ത്രിയായി ഉയർത്തിക്കാട്ടുമെന്ന് കഴിഞ്ഞ ദിവസം ശിവസേന പറഞ്ഞിരുന്നു. ഇത് രാഹുലിനെ ആശങ്കപ്പെടുത്തുന്നുണ്ട്. പ്രധാനമന്ത്രി പദത്തിൽ രാഹുലിന് താൽപര്യമുണ്ട്. അത് പ്രണബ് തട്ടിയെടുക്കുമോ എന്ന ഭയം രാഹുലിനുണ്ട്. പ്രണബ് പ്രധാനമന്ത്രിയാണെങ്കിൽ എല്ലാ പ്രതിപക്ഷ കക്ഷികളും പിന്തുണയ്ക്കുമെന്ന സൂചനയുണ്ട്.
പ്രണബുമായി ഇടയേണ്ടെന്നാണ് മുതിർന്ന നേതാക്കൾ രാഹുലിന് മുന്നറിയിപ്പ് നൽകിയത്. ഇത് പാർട്ടിയെ കൂടുതൽ ദുർബലമാക്കുമെന്നും ഇവർ പറയുന്നു. അതേസമയം ആർഎസ്എസ് ആസ്ഥാനത്ത് പ്രണബ് നടത്തിയ പ്രസംഗം മതേതരത്വത്തെ ഉയർത്തി പിടിക്കുന്നതാണെന്നും ഇവർ രാഹുലിനോട് പറഞ്ഞിട്ടുണ്ട്. ആർഎസ്എസിന്റെ വർഗീയ രാഷ്ട്രീയത്തോട് അദ്ദേഹത്തിന് എതിർപ്പുണ്ടെന്ന് ഇതിൽനിന്ന് വ്യക്തമാണ്. അദ്ദേഹത്തെ ഒപ്പം നിർത്തിയാൽ 2019ൽ വിജയസാധ്യത കൂടുമെന്നും മുതിർന്ന നേതാക്കൾ പറയുന്നു. 

 

Latest News