റിയാദ്- സൗദിയിലെ ഏറ്റവും വലിയ ബാങ്ക് ആയ സൗദി നാഷണൽ (അൽഅഹ്‌ലി) ബാങ്കിന് പുതിയ ചെയർമാൻ. സഈദ് ബിൻ മുഹമ്മദ് അൽഗാംദിയാണ് പുതിയ ചെയർമാൻ. ബാങ്ക് ചെയർമാൻ, എം.ഡി, സി.ഇ.ഒ പദവികളിൽ മാറ്റങ്ങൾ വരുത്താനുള്ള തീരുമാനത്തിന് കേന്ദ്ര ബാങ്കിന്റെ എൻ.ഒ.സി ലഭിച്ചതിനെ തുടർന്നാണ് ചെയർമാൻ അമ്മാർ അൽഖിദൈരിയുടെ രാജി ബാങ്ക് ഡയറക്ടർ ബോർഡ് സ്വീകരിച്ചത്. എം.ഡിയും സി.ഇ.ഒയുമായ സഈദ് ബിൻ മുഹമ്മദ് അൽഗാംദിയുടെ രാജി സ്വീകരിച്ചാണ് ഇദ്ദേഹത്തെ ചെയർമാനായി നിയമിച്ചത്. ഡെപ്യൂട്ടി സി.ഇ.ഒ ത്വലാൽ അൽഖുറൈജിയെ ആക്ടിംഗ് സി.ഇ.ഒ പദവിയിൽ നിയമിച്ചിട്ടുമുണ്ട്.
അമേരിക്കയിലെ ജോർജ് ടൗൺ യൂനിവേഴ്‌സിറ്റിയിൽ നിന്ന് ഇന്റർനാഷണൽ ബിസിനസിൽ മാസ്റ്റർ ബിരുദവും ഇന്റർനാഷണൽ ഇക്കണോമിക്‌സിൽ ബാച്ചിലർ ബിരുദവും നേടിയ ത്വലാൽ അൽഖുറൈജിക്ക് 27 വർഷത്തെ സേവന പരിചയസമ്പത്തുണ്ട്. ഇതിൽ ഭൂരിഭാഗവും ബാങ്കിംഗ്, ധനകാര്യ മേഖലയിലാണ്. ബാങ്കിംഗ്, ധനകാര്യ മേഖലയിൽ നിരവധി പദവികൾ വഹിച്ച ത്വലാൽ അൽഖുറൈജി ഏറ്റവും ഒടുവിൽ സൗദി നാഷണൽ ബാങ്ക് ഡെപ്യൂട്ടി സി.ഇ.ഒ പദവി വഹിച്ചുവരികയായിരുന്നു.