ന്യൂദല്‍ഹി-ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) എംഎല്‍സിയും തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ.കവിതയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അയച്ച സമന്‍സ് സുപ്രീം കോടതി സ്‌റ്റേ ചെയ്തില്ല.
ദല്‍ഹി എക്‌സൈസ് നയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡിയുടെ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് കവിത സുപ്രീം കോടതിയെ സമീപിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലാണ് കവിതക്കുവേണ്ടി ഹാജരായത്.
കവിതക്ക് സമന്‍സ് അയച്ചിട്ടുണ്ടെന്നും അവരുടെ വസതിയില്‍ വെച്ച് ചോദ്യം ചെയ്താല്‍ പോരേയെന്നും ജസ്റ്റിസ് അജയ് റസ്‌തോഗി അധ്യക്ഷനായ ബെഞ്ച് മുമ്പാകെ കപില്‍ സിബല്‍ ആരാഞ്ഞു.
ഇഡി സമന്‍സ് സ്‌റ്റേ ചെയ്യാനോ അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കാനോ ബെഞ്ച് തയാറായില്ല. പണം വെളുപ്പില്‍ നിയമപ്രകാരമോ സിആര്‍പിസി പ്രകാരമോ ഒരു വനിതയെ ഓഫീസിലേക്ക് വിളിപ്പിക്കാമോ എന്ന പ്രശ്‌നം പരിശോധിക്കാമെന്ന് കോടതി സമ്മതിച്ചു. നളിനി ചിദംബരവും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജിയുടെ ഭാര്യ രുചിര ബാനര്‍ജിയും സമര്‍പ്പിച്ച സമാന ഹര്‍ജികള്‍ക്കൊപ്പമാണ് സുപ്രീം കോടതി ഇതിനെ ടാഗ് ചെയ്തിരിക്കുന്നത്.