ന്യൂദല്‍ഹി- കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയ ലോക്സഭാ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം കീറിയെറിഞ്ഞ് പ്രതിഷേധിച്ച ഹൈബി ഈഡന്, ടി.എന്‍.പ്രതാപന് എന്നിവരെ സസ്പെന്‍ഡ് ചെയ്യുമെന്ന് സൂചന. ലോക്സഭയില്‍ രേഖകള്‍ കീറിയെറിഞ്ഞ എം.പിമാര്‍ക്കെതിരായ നടപടി ആലോചനയിലാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇരുവരുടേയും പ്രതിഷേധം അതിരുകടന്നുവെന്നാണ് സ്പീക്കറുടെ ഓഫീസ് വിലയിരുത്തുന്നത്.
പാര്‍ലമെന്റംഗത്തെ സസ്പെന്‍ഡ് ചെയ്യണമെങ്കില്‍ പാര്‍ലമെന്ററികാര്യമന്ത്രിയോ സര്‍ക്കാരോ പ്രമേയം െകാണ്ടുവന്ന് പാസാക്കണം. സഭയുടെ അന്തസ്സിനുചേരാത്ത രീതിയില്‍ പ്രവര്‍ത്തിക്കുകയോ സഭാ ചട്ടങ്ങള്‍ക്ക് വിരുദ്ധമായോ പ്രതികരിക്കുന്നത് ചൂണ്ടിക്കാണ്ടിയാണ് പ്രമേയം കൊണ്ടുവന്ന് പാസാക്കേണ്ടത്.
മോഡി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന കേസില്‍ ഗുജറാത്ത് കോടതി രണ്ട് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധിയെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത്.