ന്യൂദല്‍ഹി - ലോകസഭാംഗത്വം തിരികെ ലഭിക്കാന്‍ ലക്ഷദ്വീപ് എം പിയായിരുന്ന മുഹമ്മദ് ഫൈസല്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി നാളെ പരിഗണിക്കും. ഹരജി നാളെ പരിഗണിക്കണമെന്ന മുഹമ്മദ് ഫൈസലിന്റെ ആവശ്യം ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. മുതിര്‍ന്ന അഭിഭാഷകന്‍ അഭിഷേക് മനു സ്വിംഗി, അഭിഭാഷകന്‍ കെ.ആര്‍ ശശിപ്രഭു എന്നിവരാണ് മുഹമ്മദ് ഫൈസലിന് വേണ്ടി ഇന്ന് സുപ്രീം കോടതിയില്‍ ഹാജരായത്. ലോക്‌സഭാ സെക്രട്ടറിയേറ്റിനെ എതിര്‍കക്ഷിയാക്കിയാണ് കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചത്. അയോഗ്യത നീങ്ങിയിട്ടും എം പി സ്ഥാനം പുനസ്ഥാപിച്ചില്ലെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. വധശ്രമക്കേസില്‍ പത്ത് വര്‍ഷം ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണ് മുഹമ്മദ് ഫൈസലിനെ അയോഗ്യനാക്കിയത്. ജനുവരി 11 നാണ് വധശ്രമക്കേസില്‍ കവരത്തി കോടതി ശിക്ഷിച്ചത്. വിധി വന്ന ഉടന്‍ തന്നെ മുഹമ്മദ് ഫൈസലിനെ ലോകസഭാ സെക്രട്ടറിയേറ്റ് അയോഗ്യനാക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്‍ ലക്ഷദ്വീപില്‍ ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ കവരത്തി കോടതിയുടെ വിധി ജനുവരി 25നു ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതി വിധി വന്നതോടെ തെരഞ്ഞെടുപ്പു നടപടികള്‍ നിര്‍ത്തിവെച്ചു. ഈ സാഹചര്യത്തില്‍ അയോഗ്യത സംബന്ധിച്ച ഉത്തരവ് പിന്‍വലിക്കണമെന്ന് മുഹമ്മദ് ഫൈസല്‍ ലോക്‌സഭാ സെക്രട്ടേറിയറ്റിന് കത്ത് നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഇതേതുടര്‍ന്നാണ് അംഗത്വം പുന:സ്ഥാപിച്ചു കിട്ടുന്നതിന് വേണ്ടി സുപ്രീം കോടതിയെ സമീപിച്ചത്.