റിയാദ്- ആംബുലന്‍സുകളടക്കമുളള എമര്‍ജന്‍സി വാഹനങ്ങളെ പിന്തുടരുകയോ വഴി തടസ്സം നില്‍ക്കുകയോ ചെയ്താല്‍ ആയിരം മുതല്‍ രണ്ടായിരം റിയാല്‍ വരെ പിഴ ഈടാക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. ആംബുലന്‍സുകള്‍ക്ക് വഴി മുടക്കുകയോ അവയെ പിന്തുടരുകയോ ചെയ്യുന്നത് പിഴ ഈടാക്കാവുന്ന കുറ്റമാണെന്നും ഇന്നലെ മുതല്‍ പിഴ നിലവില്‍ വന്നതായും റെഡ് ക്രസന്റ് അറിയിച്ചിരുന്നു.
മനുഷ്യജീവന് സംരക്ഷണം നല്‍കുക, ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കുക, ഡ്രൈവര്‍മാര്‍ നിര്‍ദ്ദിഷ്ട ട്രാക്കുകള്‍ പാലിക്കുന്നതിന്റെ ശതമാനം വര്‍ധിപ്പിക്കുക, ആംബുലന്‍സ് സേവനങ്ങളുടെ ഗുണനിലവാരവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് 'വഴിയൊരുക്കുക'യെന്ന പേരില്‍ റെഡ് ക്രസന്റ് ഇത് സംബന്ധിച്ച് പ്രത്യേക ബോധവത്കരണ കാമ്പയിന്‍ ആരംഭിച്ചത്. ആംബുലന്‍സുകള്‍ക്ക് വഴി തടസ്സപ്പെടുത്തുന്നതും അവയെ പിന്തുടരുന്നതും നിയമലംഘനമായി കണക്കാക്കുമെന്നതിന്റെ ബോധവത്കരണമായിരുന്നു ഇത്. ഓട്ടോമാറ്റിക് സംവിധാനങ്ങള്‍ വഴിയാണ് ഇത്തരം വാഹനങ്ങളുടെ നിയമലംഘനം നിരീക്ഷിക്കുകയെന്ന് റെഡ് ക്രസന്റ് അറിയിച്ചു.