തിരുവനന്തപുരം- വെഞ്ഞാറമൂട് ആലന്തറയില്‍ കാര്‍ ഇടിച്ച് റോഡില്‍ വീണയാള്‍ ലോറി കയറി മരിച്ചു. നാഗര്‍കോവില്‍ ശൂരപള്ളം അഗസ്തീശ്വരം സ്വദേശി കൃഷ്ണകുമാര്‍ (43) ആണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ആലന്തറ പെട്രോള്‍ പമ്പിന് സമീപമാണ് അപകടമുണ്ടായത്. കെട്ടിട നിര്‍മ്മാണ തൊഴിലാളിയായ കൃഷ്ണകുമാര്‍ തമിഴ്നാട്ടില്‍ നിന്ന് പന്തളത്തേക്ക് പോവുകയായിരുന്നു. ആലന്തറ പെട്രോള്‍ പമ്പിന് സമീപമുള്ള കടയില്‍ നിന്നും ചായ കുടിച്ച ശേഷം തിരിച്ചു വാഹനത്തിലേക്ക് പോകുന്ന സമയം വെഞ്ഞാറമൂട് ഭാഗത്ത് നിന്നും വരികയായിരുന്ന ഒരു കാര്‍ കൃഷ്ണകുമാറിനെ ഇടിച്ചിടുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ഇയാളുടെ തലയിലൂടെ ലോറിയുടെ ടയര്‍ കയറി ഇറങ്ങുകയായിരുന്നു. സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചു.