ലഖ്‌നൗ: ദുര്‍മന്ത്രവാദിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പത്തു വയസുകാരനെ നരബലി നടത്തി. ഉത്തര്‍പ്രദേശിലെ പാര്‍സ വില്ലേജിലെ കൃഷ്ണ വര്‍മ്മയുടെ മകനായ വിവേകിനെയാണ് ദേവപ്രീതിക്കെന്ന പേരില്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ദുര്‍മന്ത്രവാദി പറഞ്ഞതിനെ തുടര്‍ന്നാണ് പത്തുവസ്സുള്ള ആണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്ന് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കി.കഴിഞ്ഞ ദിവസമാണ് വിവേകിനെ കാണാതായത്. തിരച്ചിലിനൊടുവില്‍ കഴുത്ത് അറുത്ത നിലയില്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊല്ലപ്പെട്ട കുട്ടിയുടെ ബന്ധുവായ അനൂപ് എന്നയാള്‍ക്ക് മാനസിക വെല്ലുവിളി നേരിടുന്ന രണ്ടര വയസ്സുള്ള മകനുണ്ട്. ഇത് പരിഹരിക്കാനായി കുട്ടിയെ ഒരുപാട് തവണ പല ചികിത്സകള്‍ക്കും വിധേയമാക്കിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അനൂപ് ദുര്‍മന്ത്രവാദിയെ സമീപിക്കുകയായിരുന്നു. മന്ത്രവാദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് വിവേകിനെ നരബലി നടത്തിയത്. അനൂപിനൊപ്പം വിവേകിന്റെ അമ്മാവനും ചെന്താരം എന്ന മറ്റൊരാളും കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ട്. മൂവരും ചേര്‍ന്ന് പാര ഉപയോഗിച്ച് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കഴുത്തറക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രതികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു.