ന്യൂദൽഹി- 2002ലെ ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനു എന്ന ഗർഭിണിയെ കൂട്ടബലാത്സംഗം ചെയ്ത് അവരുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി ബി.ജെ.പി എം.പിക്കൊപ്പം പൊതുപരിപാടിയിൽ. ഗുജറാത്തിൽ സർക്കാർ പരിപാടിയിലാണ് സർക്കാർ അകാലത്തിൽ മോചിപ്പിച്ച 11 പേരിൽ ഒരാൾ പങ്കെടുത്തത്. പ്രതികളുടെ മോചനം സംബന്ധിച്ച് സുപ്രീം കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. കേസ് തിങ്കളാഴ്ച പരിഗണിക്കും.
മാർച്ച് 25 ന് ദാഹോദ് ജില്ലയിലെ കർമ്മാഡി ഗ്രാമത്തിൽ നടന്ന ഗ്രൂപ്പ് ജലവിതരണ പദ്ധതി പരിപാടിയിലാണ് ശൈലേഷ് ചിമൻലാൽ ഭട്ട് എന്നയാൾ പങ്കെടുത്തത്. ദഹോദ് എം.പി ജസ്വന്ത് സിൻ ഭാഭോറിനും സഹോദരനും ലിംഖേഡ എം.എൽ.എ സൈലേഷ് ഭാഭോറിനുമൊപ്പം ശൈലേഷ് ചിമൻലാൽ ഭട്ട് സ്‌റ്റേജിൽ നിൽക്കുന്ന വീഡിയോകളും ഫോട്ടോകളും പുറത്തുവന്നു.
കഴിഞ്ഞ വർഷം സ്വാതന്ത്ര്യ ദിനത്തിലാണ് ബിൽക്കീസ് ബാനുവിനെ ബലാത്സംഗം ചെയ്ത കേസിലെ 11 പ്രതികളെ മോചിപ്പിച്ചത്. ഇത് രാജ്യത്തുടനീളം രോഷത്തിന്റെ പ്രളയത്തിന് കാരണമായി. 2008ൽ ബിൽക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്ത് അവളുടെ കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുത്തിയിരുന്നു. ബാനുവിന്റെ മൂന്ന് വയസ്സുള്ള മകളെയും അക്രമികൾ കൊലപ്പെടുത്തിയിരുന്നു. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ പി.എസ് നരസിംഹ, ജെ.ബി പർദിവാല എന്നിവരടങ്ങിയ ബെഞ്ച് ബിൽക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിന് എതിരെ നൽകിയ ഹർജികൾ കേൾക്കാൻ എത്രയും വേഗം പുതിയ ബെഞ്ച് രൂപീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു.