മംഗളൂരു- മുസ്‌ലിംകള്‍ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം എടുത്തുകളഞ്ഞ തീരുമാനത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ന്യായീകരിച്ചു, ഭരണഘടനയില്‍ സംവരണം നല്‍കാന്‍ വ്യവസ്ഥയില്ലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് നടക്കുന്ന കര്‍ണാടകയിലെ ബിദറില്‍ ബി.ജെ.പി റാലിയെ അഭിസംബോധന ചെയ്ത അമിത് ഷാ, സംസ്ഥാനത്ത് മതത്തിന്റെ അടിസ്ഥാനത്തില്‍ സംവരണം നല്‍കുന്ന കോണ്‍ഗ്രസിനെ വിമര്‍ശിക്കുകയും ചെയ്തു. കഴിഞ്ഞ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ സംസ്ഥാനത്ത് കൊണ്ടുവന്ന സംവരണം ഭരണഘടനാ പ്രകാരമല്ലെന്ന് ഷാ പറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന മന്ത്രിസഭാ യോഗത്തില്‍, ബസവരാജ് ബൊമ്മൈ സര്‍ക്കാര്‍ മുസ്ലിംകള്‍ക്കുള്ള നാല് ശതമാനം സംവരണം ഒഴിവാക്കി രണ്ട് പ്രബല സമുദായങ്ങളായ വീരശൈവ-ലിംഗായത്തുകള്‍ക്കും വൊക്കലിഗകള്‍ക്കും വിതരണം ചെയ്തിരുന്നു. മുസ്ലീങ്ങളെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗത്തിലേക്ക് മാറ്റാനും തീരുമാനിച്ചിരുന്നു.
ഞായറാഴ്ച കര്‍ണാടക സന്ദര്‍ശനത്തിനിടെ 'ഗരോട്ട ഷഹീദ് സ്മാരക'വും സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ സ്മാരകവും അദ്ദേഹം ഉദ്ഘാടനം ചെയ്തു. സര്‍ദാര്‍ പട്ടേലിന്റെ 20 അടി ഉയരമുള്ള പ്രതിമ രാജ്യത്തിന്റെ ആദ്യ ആഭ്യന്തര മന്ത്രി വഹിച്ച സുപ്രധാന പങ്കിന്റെ പ്രതീകമാണെന്നും അദ്ദേഹം പറഞ്ഞു.