മദീന- കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ ഞായറാഴ്ച പുലര്‍ച്ചെ മദീനയിലെത്തി മസ്ജിദുന്നബവിയും മസ്ജിദ് ഖുബായും സന്ദര്‍ശിച്ചു. പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ രാജകുമാരനും ഡെപ്യൂട്ടി ഗവര്‍ണര്‍ സൗദ് ബിന്‍ ഖാലിദ് അല്‍ഫൈസല്‍ രാജകുമാരനും കിരീടാവകാശിയെ സ്വീകരിച്ചു. മന്ത്രി തുര്‍ക്കി ബിന്‍ മുഹമ്മദ് ബിന്‍ ഫഹദ് രാജകുമാരന്‍, സ്‌പോര്‍ട്‌സ് മന്ത്രി പ്രിന്‍സ് അബ്ദുല്‍ അസീസ് ബിന്‍ തുര്‍ക്കി അല്‍ഫൈസല്‍, പ്രതിരോധമന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഡോ. സഅദ് അല്‍ശത്‌റി എന്നിവരോടൊപ്പമാണ് അദ്ദേഹം എത്തിയത്.
വിമാനത്താവളത്തില്‍നിന്ന നേരെ മസ്ജിദുന്നബവിയിലേക്കാണ് പോയത്. റൗദ ശരീഫില്‍ നമസ്‌കരിച്ച ശേഷം പ്രവാചകന്‍ മുഹമ്മദ് നബിയുടെയും അനുചരന്മാരായ അബൂബക്കര്‍ സിദ്ദീഖ്, ഉമര്‍ എന്നിവരുടെ ഖബറുകള്‍ സന്ദര്‍ശിച്ചു സലാം പറഞ്ഞു. മസ്ജിദുന്നബവിയില്‍ ഇരു ഹറം കാര്യ വിഭാഗം മേധാവി ശൈഖ് അബ്ദുറഹ്മാന്‍ അല്‍സുദൈസ് കിരീടാവകാശിയെ സ്വീകരിച്ചു.
പിന്നീട് മസ്ജിദുല്‍ ഖുബായിലെത്തി റണ്ട് റക്അത്ത് തഹിയ്യത്ത് നമസ്‌കരിച്ചു. മദീന ഇസ്ലാമിക കാര്യ മന്ത്രാലയം മേധാവി ഡോ. വജബ് അല്‍ഉതൈബി, മസ്ജിദുല്‍ ഖുബാ ഇമാം സുലൈമാന്‍ അല്‍റഹീലി, മുഅദ്ദിന്‍ അഹമദ് ബുഖാരി എന്നിവര്‍ കിരീടാവകാശിയെ സ്വീകരിച്ചു. ശേഷം കിരീടാവകാശി മദീന വിമാനത്താവളം വഴി തിരിച്ചുപോയി.