അമേത്തി- പരിക്കേറ്റ സാരസ് കൊക്കിനെ രക്ഷപ്പെടുത്തി ഒരു വര്‍ഷത്തോളം വീട്ടില്‍ പരിപാലിച്ച യു.പി സ്വദേശിക്കെതിരെ കേസെടുത്തു. അമേത്തി ജില്ലയിലെ മന്ദ്ഖ ഗ്രാമത്തിലുള്ള ആരിഫ് ഖാന്‍ ഗുര്‍ജറിനെതിരെ വനംവകുപ്പ് കേസെടുത്ത് നോട്ടീസ് നല്‍കിയതായി അധികൃതര്‍ അറിയിച്ചു.ആരിഫുമായി വിട്ടുപിരിയാത്ത ബന്ധം സ്ഥാപിച്ച സാരസ് കൊക്കിനെ
മാര്‍ച്ച് 21 ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കൊണ്ടുപോയിരുന്നു.പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ജീവിക്കാന്‍ വേണ്ടിയാണ്
പക്ഷിയെ റായ്ബറേലിയിലെ സമസ്പൂര്‍ വന്യജീവി സങ്കേതത്തിലേക്ക് മാറ്റിയതെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു.
ഏപ്രില്‍ നാലിന് ഗൗരിഗഞ്ച് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറുടെ ഓഫീസില്‍ ഹാജരാകാനാണ് ആരിഫിനു നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തതെന്ന് ഗൗരിഗഞ്ച് അസിസ്റ്റന്റ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രണ്‍വീര്‍ സിംഗ് നല്‍കിയ നോട്ടീസില്‍ പറയുന്നു.
പക്ഷിയെ വനംവകുപ്പ് അധികൃതര്‍ കൊണ്ടുപോയി ഒരു ദിവസത്തിന് ശേഷം സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് രംഗത്തുവന്നിരുന്നു. വനംവകുപ്പിന്റെ നടപടിയെ അപലപിച്ച അദ്ദേഹം പ്രധാനമന്ത്രി മോഡിയുടെ വസതിയിലെ മയിലുകളെ കൊണ്ടുപോകാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടോയെന്ന് പരോക്ഷമായി ചോദിക്കുകയും ചെയ്തു.
മുന്‍ മുഖ്യമന്ത്രിക്കൊപ്പം ആരിഫും വേദിയില്‍ ഉണ്ടായിരുന്നെങ്കിലും ഒന്നും സംസാരിച്ചിരുന്നില്ല.
പക്ഷിയുമായുള്ള സൗഹൃദം മൂലം പ്രശസ്തി നേടിയ ശേഷം അഖിലേഷ് യാദവ് ആരിഫിനെ സന്ദര്‍ശിച്ചിരുന്നു. പക്ഷിക്കും ആരിഫിനൊപ്പമുള്ള ചിത്രങ്ങള്‍ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുകയും ചെയ്തു.
ആരിഫിന്റെ സമ്മതത്തോടെയാണ് നടപടികള്‍ സ്വീകരിച്ചതെന്ന് അഖിലേഷ് യാദവിന്റെ ആരോപണങ്ങള്‍ക്ക് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ ഡിഎന്‍ സിംഗ് മറുപടി നല്‍കി.
ഈ പക്ഷികള്‍ എപ്പോഴും ജോഡിയായാണ് ജീവിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആരിഫിന്റെ വീട്ടില്‍ കൊക്ക് ഒറ്റയ്ക്കായതിനാല്‍ അതിന്റെ ക്ഷേമത്തില്‍ സംശയമുണ്ടായിരുന്നു.
ഗുരുതരമായി കാലിന് പരിക്കേറ്റ സാരസ് കൊക്കിനെ സംരക്ഷിച്ച 30 കാരന്‍ ആരിഫുമായി പക്ഷി വല്ലാത്ത ആത്മബന്ധമാണ് സ്ഥാപിച്ചിരുന്നത്.
കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് കാലിന് പരിക്കേറ്റ സാരസ് കൊക്കിനെ ആരിഫ് കണ്ടെത്തിയത്. വേദനയില്‍ പുളയുന്ന പക്ഷിയെ ആരിഫ് ഒപ്പം കൂട്ടി ശുശ്രൂഷിച്ചു. വീടിന് പുറത്തു കെട്ടിയ ഷെഡിലാണ് ആരിഫ് പക്ഷിയെ പാര്‍പ്പിച്ചത്. കാലിന് പറ്റിയ പരിക്ക് മാറാന്‍ ഏതാനും ദിവസങ്ങളെടുത്തിരുന്നു. ആരോഗ്യം വീണ്ടെടുത്ത സാരസ് കൊക്കിനെ ആരിഫ് തിരികെ വിട്ടു.
മനുഷ്യരോട് പൊതുവേ ഇണങ്ങാത്ത പ്രകൃതമായതിനാല്‍ പക്ഷി തിരികെ വരുമെന്ന് ആരിഫ് പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ എല്ലാവരേയും അത്ഭുതപ്പെടുത്തി സാരസ് കൊക്ക് തിരികെ വന്നു. അന്നുമുതല്‍ തുടങ്ങിയ സൗഹൃദമാണ് ആരിഫും പക്ഷിയും തമ്മില്‍. എവിടെ പോയാലും ഒപ്പം കൂടും. പകല്‍ മുഴുവന്‍ മറ്റെവിടെയെങ്കിലും പോയാലും നേരമിരുട്ടിയാല്‍ പക്ഷി ആരിഫിന്റെ വീട്ടിലെത്തും. ജോലി കഴിഞ്ഞ് മടങ്ങിയെത്തുന്ന ആരിഫിനൊപ്പമാണ് രാത്രി ഭക്ഷണവും. ഹാര്‍വസ്റ്റിങ് ഓപ്പറേറ്ററായി ജോലി ചെയ്യുന്ന ആരിഫ് സ്‌കൂട്ടറില്‍ പോകുമ്പോള്‍ പിന്നാലെ പറക്കുന്ന സാരസ് കൊക്ക് ഗ്രാമീണര്‍ക്ക് പതിവ് കാഴ്ചയായിരുന്നു.
നീണ്ട കഴുത്തുകളോടും, കാലുകളോടും കൂടിയ ഒരിനം ക്രൗഞ്ചപക്ഷിയാണ് സാരസ്‌കൊക്ക്. വന്യജീവി സംരക്ഷണ നിയമത്തിന് കീഴില്‍ വരുന്ന ഇവ സംരക്ഷിത വിഭാഗമായിട്ടാണ് കരുതപ്പെടുന്നത്. മനുഷ്യരുടെ സാന്നിധ്യം ഇവയെ അലോസരപ്പെടുത്തിയേക്കാമെന്ന് വന്യജീവി വിദ്ഗധര്‍ പറയുന്നു.
अजब-गजब; इंसान-पक्षी की दोस्तीः
— gyanendra shukla (@gyanu999) February 21, 2023
अमेठी के गौरीगंज के जामो ब्लाक क्षेत्र अंतर्गत गांव मंडखा मजरे औरंगाबाद का मामला है. जहां मोहम्मद आरिफ और एक सारस की जोड़ी जय-वीरू के तौर पर चर्चित है. एक वर्ष पहले खेतों में यह पक्षी घायल अवस्था में मिला पैर टूटा हुआ था. 1/1 pic.twitter.com/CUeGA1092x