Sorry, you need to enable JavaScript to visit this website.

ഡോ. കഫീൽ ഖാന്റെ സഹോദരന് വെടിയേറ്റു, ഗുരതരാവസ്ഥയിൽ

ലഖ്‌നൗ- ഡോ. കഫീൽ ഖാന്റെ സഹോദരൻ കാഷിഫ് ജമീലിന് വെടിയേറ്റു. ഗോരഖ്പൂരിലെ സർക്കാർ ആശുപത്രിയിൽ ഓക്‌സിജൻ ലഭിക്കാതെ കുട്ടികൾ മരിക്കുന്നതിനിടെ രക്ഷാപ്രവർത്തനവുമായി മുന്നിട്ടിറങ്ങിയതിനെ തുടർന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രതികാര നടപടികൾക്കിരയായ ഡോ. കഫീൽ ഖാന്റെ സഹോദരനാണ് 34 കാരനായ കാഷിഫ് ജമീൽ. ഞായറാഴ്ച്ച രാത്രിയാണ് ഇദ്ദേഹത്തിന് വെടിയേറ്റത്. മൂന്ന് വെടിയുണ്ടകളാണ് കാഷിഫ് ജമീലിന് കൊണ്ടത്. കൈ, താടി, കഴുത്ത് എന്നിവടങ്ങൡൽ വെടിയേറ്റ കാഷിഫ് ജമീലിന്റെ നില ഗുരുതരമാണ്. 
മോട്ടോർ ബൈക്കിൽ സഞ്ചരിക്കുന്നതിനിടെയാണ് കാഷിഫ് ജമീലിന് വെടിയേറ്റത് എന്നാണ് പ്രാഥമിക വിവരം.  ബൈക്കിലെത്തിയവരാണ് കാഷിഫ് ജമീലിനെ വെടിവെച്ചത്. ഗോരഖ് പൂർ വഴി വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. രണ്ടു ദിവസത്തെ  വരാണസി സന്ദർശനത്തിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടെ എത്തുന്നതിനാൽ കനത്ത സുരക്ഷയാണ് ഈ മേഖലയിൽ ഒരുക്കിയിരുന്നത്. ഇതിനിടയിലാണ് വെടിയേറ്റത്. ഉടനെ നഗരത്തിലെ സ്റ്റാർ ആശുപത്രിയിലേക്ക് കാഷിഫിനെ മാറ്റി. 
സഹോദരന് വെടിയേറ്റുവെന്നും അവർ ലക്ഷ്യം വെച്ചത് തന്നെയായിരുന്നുവെന്നും കഫീൽ ഖാൻ പറഞ്ഞു. സഹോദരനൊപ്പം കഫീൽ ഖാൻ ആശുപത്രിയിലുണ്ട്.  തന്നെയും കുടുംബത്തെയും വകവരുത്താനാണ് നീക്കം നടക്കുന്നത്. സർക്കാറിനോട് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതേവരെ ലഭിച്ചിട്ടില്ല. കുടുംബം കനത്ത ഭീതിയിലാണ് കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

Latest News