ന്യൂദല്‍ഹി - അപകീര്‍ത്തികരമായ പരാമര്‍ശത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ കോടതി ശിക്ഷിക്കുകയും എം.പി സ്ഥാനത്തിന് അയോഗ്യത കല്‍പ്പിക്കുകയും ചെയ്തതിന് പിന്നാലെ നടി ഖുശ്ബു സുന്ദറിന്റെ പഴയ ട്വീറ്റ് കുത്തിപ്പൊക്കി കോണ്‍ഗ്രസ്. ഇപ്പോള്‍ ബി.ജെ.പി നേതാവായ ഖുശ്ബു നേരത്തെ കോണ്‍ഗ്രസിലായിരുന്നപ്പോള്‍ നടത്തിയ പരാമര്‍ശമാണ് വീണ്ടും വൈറലാകുന്നത്. മോദി എന്നതിന്റെ അര്‍ത്ഥം അഴിമതി എന്നാക്കി മാറ്റണമെന്ന് 2018 ല്‍ ഖുശ്ബു ട്വീറ്റ് ചെയ്തിരുന്നു. 'മോദി എന്നതിന്റെ അര്‍ത്ഥം നമുക്ക് അഴിമതി എന്ന് മാറ്റാം. നീരവ്,ലളിത്, നമോ = അഴിമതി' എന്നായിരുന്നു ഖുശ്ബുവിന്റെ 2018-ലെ ട്വീറ്റ്. മോദി സമുദായത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് രാഹുല്‍ ഗാന്ധിക്കെതിരെ കേസ് കൊടുത്ത ബി.ജെ.പിക്ക് ഖുശ്്ബുവിനെതിരെ കേസു കൊടുക്കാന്‍ ധൈര്യമുണ്ടോയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നത്.