ആഗ്ര - വീട്ടമ്മയെ കൊലപ്പെടുത്തിയ കേസില്‍ കൊലയാളിയുടെ പേര് തത്ത വിളിച്ചു പറഞ്ഞത് കേസന്വേഷണത്തില്‍ നിര്‍ണ്ണായകമായി. ഒടുവില്‍ പ്രതികളെ ജീവപര്യന്തം തടവിന് കോടതി ശിക്ഷിക്കുകയും ചെയ്തു. ഉത്തര്‍ പ്രദേശിലെ ആഗ്രയില്‍ നടന്ന കൊലപാതകത്തിലാണ് വളര്‍ത്തു തത്ത സാക്ഷിയായതും ഒന്‍പത് വര്‍ഷത്തിന് ശേഷം പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചതും. പത്രപ്രവര്‍ത്തകനായ വിജയ് ശര്‍മ്മയുടെ ഭാര്യ നീലം ശര്‍മ്മ 2014 ഫെബ്രുവരി 14 നാണ് കൊല്ലപ്പെട്ടത്. അക്രമികള്‍ വീട്ടിലെ വളര്‍ത്തു നായയെയും കൊന്നിരുന്നു. നീലം ശര്‍മ്മയെ കൊലപ്പെടുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണ്ണവും ഇവര്‍ മോഷ്ടിക്കുകയും ചെയ്തു. വിജയ് ശര്‍മ്മയും മക്കളും വീടിന് പുറത്തു പോയപ്പോഴാണ് സംഭവം നടന്നത്.
ആരാണ് കൊലചെയ്തതെന്നതിനെക്കുറിച്ച് പോലീസിന് ഒരു വിവരവും ലഭിച്ചില്ല. പുറത്ത് പോയ വിജയ് ശര്‍മ്മയും മക്കളും വീട്ടിലെത്തിയപ്പോള്‍ വീട്ടിലെ വളര്‍ത്തു തത്തയായ മിതു രാജ വിജയ് ശര്‍മ്മയുടെ അനന്തരവനായ ആഷു എന്ന് വിളിക്കുന്ന അശുതോഷ് മുഖര്‍ജിയുടെ പേര് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത് വിജയ് ശര്‍മ്മയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. ആഷു ആ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു. തത്ത പേര് പറഞ്ഞതോടെ വീട്ടിലേക്ക് അവസാനം വന്നയാള്‍ ആഷുവാണെന്ന് വിജയ് ശര്‍മ്മ ഉറപ്പിക്കുകയും ഇക്കാര്യം പോലിസിനെ അറിയിക്കുകയും ചെയ്തു. തന്റെ തത്ത കള്ളം പറയില്ലെന്നും ആഷുവിനെ ചോദ്യം ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. പോലിസ് ആദ്യം മടിച്ചെങ്കിലും വിജയ് ശര്‍മ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങി ആഷുവിനെ പോലീസ് ചോദ്യം ചെയ്തപ്പോഴാണ് സത്യം പുറത്ത് വന്നത്. സുഹൃത്ത് റോണി മാസിയുടെ സഹായത്തോടെയാണ് നീലത്തെ താന്‍ കൊലപ്പെടുത്തിയതെന്ന് ആഷു സമ്മതിച്ചു. ആഷുവിന്റെ കുറ്റസമ്മത മൊഴിയുടെയും മറ്റു തെളിവുകളുടേയും അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ജഡ്ജി മുഹമ്മദ് റാഷിദ് പ്രതികളായ ആഷുവിനും റോണിക്കും കഴിഞ്ഞ ദിവസം ജീവപര്യന്തം തടവും 72,000 രൂപ പിഴയും ശിക്ഷ വിധിക്കുകയായിരുന്നു.