Sorry, you need to enable JavaScript to visit this website.

ഡ്രൈവിംഗ് ലൈസൻസ്: വാഹനം വാങ്ങുന്ന വനിതകൾക്ക് നിർദേശവുമായി മന്ത്രാലയം

റിയാദ്- സൗദി നിരത്തുകളിൽ വനിതകൾ വാഹനമോടിക്കുന്ന ചരിത്ര നിമിഷത്തിന് 14 ദിവസം മുന്നേ, വാഹനങ്ങൾ വാങ്ങാനൊരുങ്ങുന്ന യുവതികൾക്ക് ഒമ്പത് നിർദേശങ്ങളുമായി വാണിജ്യ, നിക്ഷേപ മന്ത്രാലയം. ഉപയോക്താക്കളുടെ അവകാശങ്ങൾ ഓർമപ്പെടുത്തിയാണ് മന്ത്രാലയം നിർദേശങ്ങൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. വാഹനം വാങ്ങുമ്പോൾ ബില്ല്, വാറണ്ടി ബുക്ക്‌ലെറ്റ് എന്നിവ ഉണ്ടെന്ന് ഉറപ്പാക്കണം. ഇരുവശത്തെയും കണ്ണാടികൾ കൃത്യമാണോയെന്നും ആക്‌സസറീസ് ലഭ്യമാണോയെന്നും ശ്രദ്ധിക്കണം. വാറണ്ടി ബുക്ക്‌ലെറ്റിലും സാങ്കേതിക നിർദേശങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റിലും വിവരങ്ങൾ അറബിയിലും ഇംഗ്ലീഷിലും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക, വിൽപ്പനക്കായി പ്രദർശിപ്പിച്ച വാഹനത്തിന് ഇന്ധന ക്ഷമതാ കാർഡ് ഉണ്ടെന്നും 2015നോ അതിന് ശേഷമോ ഉള്ള മോഡൽ ആയിരിക്കണമെന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ടെന്നും മന്ത്രാലയം നോട്ടീസിൽ വ്യക്തമാക്കി. ഇതിലുപരി, ഏജൻസിയിൽനിന്ന് ഉപയോക്താവിന് ലഭിക്കേണ്ട സേവനങ്ങളും മന്ത്രാലയം വിശദമാക്കിയിട്ടുണ്ട്. 
സ്‌പെയർപാർട്‌സിനും അറ്റകുറ്റപ്പണിക്കും ആവശ്യമായി വരുന്ന ഏകദേശം ചെലവ് ഏജൻസി ഉപയോക്താവിനെ ധരിപ്പിക്കുകയും ഇവരിൽനിന്ന് സമ്മതം വാങ്ങുകയും വേണം. അറ്റകുറ്റപ്പണി സംബന്ധമായ വിവരങ്ങൾ അടങ്ങിയ ബുക്ക്‌ലെറ്റും ഉപയോക്താവിന് കൈമാറാൻ സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ട്. തങ്ങളെ പെട്ടെന്ന് ലഭ്യമാകുന്ന ഫോൺ നമ്പർ വാഹനം വാങ്ങുന്നവർക്ക് കൈമാറുന്നതും ഉപയോക്താവിന്റെ അവകാശമാണ്. കാലയളവ് വ്യക്തമാക്കിയുള്ള വാറണ്ടി ബുക്ക് ഉപയോക്താവിന് നൽകിയിരിക്കണം. ഇതിൽ സൗജന്യ സേവനങ്ങളുടെ കാലയളവിന് ശേഷം പരിശോധനക്കും അറ്റകുറ്റപ്പണിക്കും ഈടാക്കുന്ന നിരക്കും രേഖപ്പെടുത്തണമെന്ന് വാണിജ്യ, നിക്ഷേപ മന്ത്രാലയം പ്രസിദ്ധീകരിച്ച നോട്ടീസ് വ്യക്തമാക്കുന്നു.  
 

Latest News