Sorry, you need to enable JavaScript to visit this website.

മെസ്സിക്കൊപ്പം ഛേത്രി, കപ്പുയർത്തി ഇന്ത്യ

വിജയപീഠത്തിൽ... ഇന്റർകോണ്ടിനന്റൽ കപ്പുമായി ഇന്ത്യൻ ടീം

മുംബൈ - ഉജ്വല ഫോമിലുള്ള ക്യാപ്റ്റൻ സുനിൽ ഛേത്രിയുടെ ഇരട്ട ഗോളിൽ കെനിയയെ 2-0 ന് തോൽപിച്ച് ആതിഥേയരായ ഇന്ത്യ ഇന്റർകോണ്ടിനന്റൽ ഫുട്‌ബോൾ ടൂർണമെന്റിൽ ചാമ്പ്യന്മാരായി. 8, 29 മിനിറ്റുകളിലായിരുന്നു ഛേത്രിയുടെ ഗോളുകൾ. ഇന്ത്യൻ ജഴ്‌സിയിൽ ഛേത്രിക്ക് 64 ഗോളായി. വർത്തമാനകാല കളിക്കാരിൽ കൂടുതൽ ഗോളടിച്ച രണ്ടാമത്തെ കളിക്കാരാണ് ഛേത്രിയും മെസ്സിയും. 
ക്രിസ്റ്റ്യാനൊ റൊണാൾഡൊ (81) മാത്രമാണ് മുന്നിൽ. മെസ്സിയുമായുള്ള താരതമ്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും തങ്ങൾ തമ്മിലുള്ള വിടവിനെക്കുറിച്ച് ഉത്തമ ബോധ്യമുണ്ടെന്നും ഛേത്രി പറഞ്ഞു. 
തിങ്ങിനിറഞ്ഞ സ്റ്റേഡിയത്തിൽ തുടക്കം മുതൽ ഇന്ത്യയാണ് ആക്രമിച്ചത്. ആദ്യ മിനിറ്റിൽ രണ്ടു തവണ ഇന്ത്യ എതിർ പ്രതിരോധം ഭേദിച്ചു. അനിരുദ്ധ ഥാപ്പയുടെ ഫ്രീകിക്കിൽ നിന്നായിരുന്നു ആദ്യ ഗോൾ പിറന്നത്. അതോടെ കെനിയ ഉണർന്നെങ്കിലും ഇന്ത്യൻ പ്രതിരോധം ഉറച്ചു നിന്നു. മലയാളി ഡിഫന്റർ അനസ് എടത്തൊടിക ഉയർത്തിയ ലോംഗ്പാസിൽ നിന്നായിരുന്നു ഛേത്രിയുടെ രണ്ടാം ഗോൾ. ഓഫ്‌സൈഡ് കെണി തകർത്ത് പന്ത് നെഞ്ചിലെടുത്ത ഛേത്രി നിലംപറ്റെയുള്ള ഒന്നാന്തരം ഇടങ്കാലനടിയോടെ ലക്ഷ്യം കണ്ടു. 
കെനിയ ഗോൾ മടക്കാൻ പല വഴികളും തേടിയെങ്കിലും മോശം ഫിനിഷിംഗ് അവരെ അലട്ടിക്കൊണ്ടിരുന്നു. രണ്ടാം പകുതിയിൽ ഒട്യേനൊ ഒചിയേംഗിന്റെ ലോംഗ്‌റെയ്ഞ്ചർ ഇന്ത്യൻ ഗോളി ഗുർപ്രീത് സിംഗ് സന്ധു മനോഹരമായി ചാടിപ്പിടിച്ചു. പിന്നീട് ഏറെ സമയം സന്ധുവും കെനിയൻ മുന്നേറ്റനിരയും തമ്മിലായിരുന്നു കളി. അവസാന മിനിറ്റുകളിൽ മുഴുവൻ ഇന്ത്യൻ കളിക്കാരും പിന്നിലിറങ്ങി കോട്ട കാത്തു.

Latest News