തബൂക്ക്- നാടണയാന്‍ സഹായിച്ച സൗദിയിലെ സാമൂഹിക പ്രവര്‍ത്തകന്റെ അക്കൗണ്ടിലേക്ക് വിമാന ടിക്കറ്റിന്റെ തുക നിക്ഷേപിച്ച് പ്രവാസി വനിതയുടെ മാതൃക. തബൂക്കിലെ ക്ലീനിംഗ് കമ്പനിയില്‍ ജീവനക്കാരിയായിരുന്ന പത്തനംതിട്ട സ്വദേശിനി വാസന്തിയാണ് സാമൂഹിക പ്രവര്‍ത്തകനായ ഉണ്ണി മുണ്ടുപറമ്പിലിന്റെ സജീവ ഇടപെടലിലൂടെ നാട്ടിലെത്തിയത്. ഫൈനല്‍ എക്‌സിറ്റ് വിസ കാലാവധി കഴിഞ്ഞതിനാല്‍ വാസന്തിയുടെ യാത്ര മുടങ്ങുകയായിരുന്നു.
കമ്പനി ഇഖാമ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ലേബര്‍ കോടതിയെ സമീപിച്ച വാസന്തിക്ക് ഫൈനല്‍ എക്‌സിറ്റ് ലഭിച്ചെങ്കിലും ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ആനുകൂല്യങ്ങള്‍ ലഭിക്കാനായുള്ള കാത്തിരിപ്പ് യാത്ര നീളുന്നതിന് കാരണമായി. കമ്പനിയുമായുള്ള ഇടപാടുകള്‍ ശരിയാക്കി ടിക്കറ്റ് എടുത്ത് റിയാദില്‍ എത്തിയെങ്കിലും എക്‌സിറ്റ് കാലാവധി കഴിഞ്ഞതിനാല്‍ എയര്‍പോര്‍ട്ടില്‍നിന്ന് മടങ്ങേണ്ടിവന്നു. ബോര്‍ഡിംഗ് പാസ് എടുത്തതു കാരണം ടിക്കറ്റും നഷ്ടമായി.
വീണ്ടും എക്‌സിറ്റ് നേടാനായി വാസന്തി തബൂക്കിലേക്ക് മടങ്ങി. തിരികെ തബൂക്കിലെത്തിയ വാസന്തി, സുധീര്‍ മീരാന്‍ മുഖേന സാമൂഹിക പ്രവര്‍ത്തകനായ ഉണ്ണി മുണ്ടുപറമ്പിലിനെ ബന്ധപ്പെടുകയായിരുന്നു. എക്‌സിറ്റ് പുതുക്കാനായി തിരികെ തര്‍ഹീലില്‍ എത്തിയെങ്കിലും പിഴ നല്‍കേണ്ടി വന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാല്‍ ഉണ്ണി തന്നെയാണ് തര്‍ഹീലിലെ പിഴയും മറ്റ് യാത്രാ രേഖകള്‍ ലഭിക്കാനുള്ള നടപടികളും നാട്ടിലേക്കുള്ള ടിക്കറ്റിന് സാമ്പത്തിക സഹായങ്ങളും നല്‍കിയത്. എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കി കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയ വാസന്തി അവിടെ എത്തിയ ഉടന്‍ ഉണ്ണിക്ക് ചെലവായ 2800 റിയാലിനു തുല്യമായ അറുപതിനായിരം രൂപ അക്കൗണ്ടില്‍ നിക്ഷേപിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)