അബഹ- സൗദിയിലെ അബഹ നാടുകടത്തല്‍ കേന്ദ്രത്തില്‍നിന്ന് 24 ഇന്ത്യക്കാരെ കൂടി നാടുകടത്തി. നിയമ ലംഘകരായി സൗദിയില്‍ താമസിച്ചു ജോലിചെയ്തിരുന്നവരും ഹുറൂബാക്കപ്പെട്ടവരുമാണ് ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ഇടപെടലിനു പിന്നാലെ നാട്ടിലേക്ക് തിരിച്ചത്.
അസീര്‍ മേഖലയിലെ വിവിധ ഗവര്‍ണറേറ്റുകളില്‍നിന്ന് കഴിഞ്ഞ രണ്ടുമാസത്തിനിടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ പരിശോധയില്‍ പിടിക്കപ്പെട്ട ഇന്ത്യാക്കാര്‍ക്കാണ് കോണ്‍സുലേറ്റിന്റെ ഇടപെടലിനെ തുടര്‍ന്നു പെട്ടെന്ന് നാട്ടിലേക്ക് മടങ്ങിപ്പോകാന്‍ കഴിഞ്ഞത്.
മതിയായ താമസ രേഖകളോ ജോലിയോ താമസ സൗകര്യമോ ഇല്ലാതെ ഖമീസിലെ തെരുവുകളിലും വൃത്തിഹീനമായ പൊളിഞ്ഞ കെട്ടിടങ്ങളിലും താമസിച്ചിരുന്ന അഞ്ച് തമിഴ്‌നാട് സ്വദേശികളും സംഘത്തില്‍ ഉള്‍പ്പെടുന്നു. നാല് മലയാളികളും യു.പി, പശ്ചിമ ബംഗാള്‍, ബീഹാര്‍, കാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുമുള്ളവരും നാട്ടിലേക്ക് മടങ്ങിയവരിലുണ്ട്.
തമിഴ്‌നാട് സ്വദേശികളുടെ ദുരിത ജീവിതം വാര്‍ത്തയായതിനെ തുടര്‍ന്നു കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഷാഹിദ് ആലം കോണ്‍സുല്‍ ദീപക് യാദവിനെ അബഹയിലേക്ക് നേരിട്ട് അയച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തുകയായിരുന്നു.
അബഹയില്‍നിന്ന് ബസില്‍ ജിദ്ദ എയര്‍പോര്‍ട്ടിലെത്തിച്ച ഇന്ത്യന്‍ സംഘം സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ ദല്‍ഹിയിലേക്കാണ് പോയത്. കോണ്‍സുലേറ്റ് ഉദ്യോഗസ്ഥനൊപ്പം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന്നു കോണ്‍സുലേറ്റ് ജീവകാരുണ്യവിഭാഗം പ്രതിനിധികളായ ഒ.ഐ.സി.സി സൗദി ദക്ഷിണമോഖലാ കമ്മറ്റി പ്രസിഡണ്ട് അഷ്‌റഫ് കുറ്റിച്ചല്‍, ബിജു കെ നായര്‍ എന്നിവരുണ്ടായിരുന്നു.
കോണ്‍സുല്‍ ദീപക് യാദവും സംഘവും ഖമീസ് സെന്‍ട്രല്‍ ജയിലും അബഹ വി.എഫ്.എസ് കേന്ദ്രവും സന്ദര്‍ശിച്ചു. വി.എഫ്.എസ് കേന്ദ്രത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തിയവരോട് കേന്ദ്രത്തിന്റെ സേവനത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചോദിച്ചറിഞ്ഞു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)