ഫാരിസ് അബൂബക്കറെന്ന പുതിയ അമ്മാവനെ  കിട്ടിയ സന്തോഷം പങ്കു വെച്ച് മന്ത്രി മുഹമ്മദ് റിയാസ് 

തിരുവനന്തപുരം- വിവാദ വ്യവസായി ഫാരിസ് അബൂബക്കര്‍ ബന്ധുവാണെന്ന ആരോപണം തള്ളി മന്ത്രി മുഹമ്മദ് റിയാസ്. താന്‍ ഇതുവരെ ഫാരിസിനെ നേരില്‍ കണ്ടിട്ടില്ലെന്നും ഫോണില്‍ പോലും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
'ഈ വ്യക്തിയുടെ സഹോദരിയുടെ മകനാണ് താനെന്നാണ് പ്രചരിപ്പിക്കുന്നത്. ഉമ്മയ്ക്ക് അഞ്ച് സഹോദരന്മാരാണുള്ളത്. ഇപ്പോള്‍ പുതിയൊരു അമ്മാവനെ കൂടി കിട്ടിയിരിക്കുകയാണ്. നേരില്‍ കാണാത്തതാണെന്നത് പോട്ടെ, ഫോണില്‍ പോലും സംസാരിച്ചിട്ടില്ലാത്ത അമ്മാവനെ കിട്ടി. എന്തായാലും ഒരമ്മാവനെ കിട്ടിയ സന്തോഷം പങ്കുവയ്ക്കുന്നു.
ഒരാളോടും വ്യക്തിപരമായി വിരോധമില്ല. രാഷ്ട്രീയം പറയുമ്പോള്‍ രാഷ്ട്രീയം പറയും. ചിലര്‍ക്ക് മാത്രം പറയാം, ഞങ്ങള്‍ മിണ്ടാതിരിക്കണമെന്ന്. ഇതൊക്കെ ഞാന്‍ പറയുമ്പോള്‍ ആരെയെങ്കിലും ഉദ്ദേശിച്ചാണെന്ന് നിങ്ങള്‍ കരുതരുത്. സിനിമയില്‍ എഴുതിവയ്ക്കുന്നതുപോലെ ഒരു കഥാപാത്രവുമായും ബന്ധമില്ല. ' - റിയാസ് വ്യക്തമാക്കി. അതേസമയം, ഫാരിസിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷണം ആരംഭിച്ചു. ഇന്‍കം ടാക്‌സ് അന്വേഷണത്തിന് പിന്നാലെയാണിത്. കൊച്ചിയിലടക്കം ഭൂമി വാങ്ങിക്കൂട്ടാന്‍ കളളപ്പണ ഇടപാട് നടത്തി എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇ ഡി അന്വേഷണത്തിനൊരുങ്ങുന്നത്.


 

Latest News