പാൽഘർ (മുംബൈ) - ആൺസുഹൃത്തിനെ വിവസ്ത്രനാക്കി മരത്തിൽ കെട്ടിയിട്ട ശേഷം പെൺകുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു. മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ ഒരു താഴ്‌വാരത്തു വച്ചാണ് സംഭവം. ഇരുവരും വൈകീട്ട് നടക്കാൻ ഇറങ്ങിയതായിരുന്നു.
നടക്കുന്നതിനിടെ പെൺകുട്ടിയെയും സുഹൃത്തിനെയും രണ്ടുപേർ തടഞ്ഞുനിർത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. കുറച്ച് പണം ഓൺലൈനിൽ നിർബന്ധിച്ച് വാങ്ങിയെങ്കിലും അത് പോരെന്നായി. തുടർന്ന് തർക്കമായി. പ്രതികളിലൊരാൾ ബിയർ കുപ്പി കൊണ്ട് പെൺകുട്ടിയുടെ സുഹൃത്തിന്റെ തലയ്ക്കടിച്ചു. പിന്നാലെ ആൺകുട്ടിയെ നഗ്നനാക്കി മരത്തിൽ കെട്ടിയിടുകയായിരുന്നു. തുടർന്നാണ് പ്രതികൾ ഇരുവരും ചേർന്ന് പെൺകുട്ടിയെ വലിച്ചിഴച്ചു കൊണ്ടുപോയി മാറി മാറി ബലാത്സംഗം ചെയ്തതെന്ന് പോലീസ് പറഞ്ഞു. ശേഷം പെൺകുട്ടിയുടെ പേഴ്‌സ് പ്രതികൾ കത്തിക്കുകയുമുണ്ടായി.
സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ട പെൺകുട്ടി വീട്ടിലെത്തി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ശേഷം പോലീസെത്തിയാണ് ആൺസുഹൃത്തിനെ മോചിപ്പിച്ചത്. സംഭവത്തിൽ മുംബൈയുടെ വിദൂര പ്രാന്തപ്രദേശമായ വിരാറിലെ സായ്‌നാഥ് നഗർ പ്രദേശത്തെ ധീരജ് സോണി (25), യാഷ് ഷിൻഡേ (24)എന്നിവരെ അറസ്റ്റ് ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. രണ്ടു പ്രതികളും റിമാൻഡിലാണിപ്പോൾ.